ഹൈടെക് ചീട്ടുകളി സംഘങ്ങൾ സജീവം; മറിയുന്നത് ലക്ഷങ്ങൾ
text_fieldsഅഞ്ചൽ: കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹൈടെക് ചീട്ടുകളി സംഘങ്ങൾ സജീവമാകുന്നു. ഇവിടെ മിനിട്ടുകൾക്കുള്ളിൽ മറിയുന്നത് ലക്ഷങ്ങളാണെന്നാണ് കണക്ക്. സമൂഹത്തിൽ അറിയപ്പെടുന്നവരും സാമൂഹ്യ പ്രവർത്തകരും ജനപ്രതിനിധികളും രാഷ്ട്രീയപ്പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരുമൊക്കെ ഈ സംഘത്തിൽപ്പെടും. വീടുകളിലോ, ലോഡ്ജുജുകളിലോ വെച്ചാണ് ഇവർ മിക്കവാറും ചീട്ടുകളിക്കുന്നത്.പൊലീസിനോ മറ്റോ പെട്ടെന്ന് എത്തിച്ചേരാൻ കഴിയാത്ത സ്ഥലങ്ങളാണ് പ്രധാനമായും ചീട്ടുകളിക്കാർ താവളമാക്കുന്നത്.
കൂടാതെ പൊലീസ് എത്തുന്നത് മനസ്സിലാക്കി സംഘത്തെ വിവരം അറിയിക്കുന്നതിനായി വഴികളിലും വീടുകളുടെ പരിസരത്തും ആളുകളെ ശമ്പളം നൽകി നിർത്തിയിട്ടുണ്ടാകും. ഏതാനും ദിവസം മുമ്പ് ഏരൂർ പൊലീസ് വളരെ നാടകീയമായ നീക്കത്തിലൂടെയാണ് ഒരു ചീട്ടുകളിസംഘത്തെ അറസ്റ്റ് ചെയ്തത്. ഇവരുടെ കേന്ദ്രത്തിൽ സി.സി.ടി.വി ക്യാമറയുൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളാണുണ്ടായിരുന്നത്. രണ്ട് നാൾ മുമ്പ് ചടയമംഗലം പൊലീസ് ആയൂർ തോട്ടത്തറയിൽ വാടക വീട് കേന്ദ്രീകരിച്ച് നടന്ന ചീട്ടുകളി സംഘത്തെ അറസ്റ്റ് ചെയ്തതും സാഹസികമായാണ്.പിടികൂടപ്പെടുന്നവരിൽ നിന്നും ലക്ഷക്കണക്കിന് രൂപയും മുന്തിയ ഇനം വാഹനങ്ങളും പൊലീസ് പിടിച്ചെടുക്കുന്നുണ്ട്.
അഞ്ചൽ, ആയൂർ ടൗണുകളിലെ ഏതാനും ലോഡ്ജുകളിലും ഹൈടെക് ചീട്ടുകളി സംഘം പ്രവർത്തിക്കുന്നതായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. കളിയിൽ പണം നഷ്ടപ്പെടുന്നവരാണ് സംഘത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിക്കുന്നത്. ചീട്ടുകളിക്കുന്നതിനായി പണം പലിശക്ക് നൽകുന്നവരും ഓരോ സംഘത്തിലുമുണ്ടാകും. കളിയിൽ തോറ്റ് വീടും സ്വർണ്ണവും പറമ്പുമൊക്കെ നഷ്ടമായവർ നിരവധിയാണ്. പലരുടേയും കുടുംബ ബന്ധങ്ങൾ പോലും ചീട്ടുകളിയിലൂടെ ശിഥിലമായിട്ടുള്ളളതായി പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.