കറണ്ട് ബില്ലിൽ ഷോക്കടിച്ച് വീട്ടമ്മ
text_fieldsഅഞ്ചൽ: കൂലിവേല ചെയ്ത് ഉപജീവനം നടത്തുന്ന നിർധന വിധവക്ക് 17,434 രൂപയുടെ കറണ്ട് ബിൽ. ഏരൂർ ഗ്രാമപഞ്ചായത്തിലെ ആലഞ്ചേരി പൊൻവയലിൽ അമ്പിളി എന്ന 52കാരിക്കാണ് ഭീമൻ തുകയുടെ കറണ്ട് ബിൽ കിട്ടിയത്.
മുൻ കാലങ്ങളിൽ ലഭിച്ചിരുന്ന ബില്ലുകൾ 500-700 രൂപയുടേതായിരുന്നു. ഇത്തവണ ലഭിച്ച ബില്ലിൽ ഇത്രയും വയിയ തുക വരാൻ എന്താണ് കാരണമെന്ന് അമ്പിളിക്ക് മനസ്സിലാകുന്നില്ല. 12 വർഷം മുമ്പ് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ച വീട്ടിലാണ് താമസം.
വീട്ടിൽ ആകെ ഉള്ളത് അഞ്ച് എൽ.ഇ.ഡി ബൾബുകളും ഇക്കഴിഞ്ഞ ഓണത്തിന് വാങ്ങിയ ഫ്രിഡ്ജും ഒരു എച്ച്.പി മോട്ടറും മാത്രമാണ്. ഒറ്റക്കാണ് താമസം. രണ്ട് വാഹനാപകടങ്ങൾ സംഭവിച്ചതിനാൽ ചികിത്സയിലുമാണ്. സമീപ പ്രദേശങ്ങളിലെ വീടുകളിൽ അടുക്കള ജോലി ചെയ്ത് ഉപജീവനം നടത്തുന്ന അമ്പിളിക്ക് ഈ തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ്.
പഞ്ചായത്ത് പ്രസിഡന്റ് ജി.അജിത്, വാർഡ് മെമ്പർ എസ്.ആർ മഞ്ജു എന്നിവർ വിഷയത്തിൽ ഇടപെട്ടു. കെ.എസ്.ഇ.ബി അസി. എഞ്ചിനീയർ തിങ്കളാഴ്ച നേരിട്ട് എത്തി വീട്ടിലെ വയറിംഗും മറ്റും പരിശോധിക്കും. ‘കരുതലും കൈതാങ്ങും’ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് കലക്ടർ അറിയിച്ചിട്ടുണ്ടെന്നും വിഷയം സ്ഥലം എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.