ആയൂരിലെ ജനകീയ ഹോട്ടലിൽ ലക്ഷങ്ങളുടെ ക്രമക്കേട്
text_fieldsഅഞ്ചൽ: കുടുംബശ്രീ മിഷൻ നടത്തുന്ന ജനകീയ ഹോട്ടലിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടക്കുന്നതായി പരിശോധന വിഭാഗത്തിന്റെ കണ്ടെത്തൽ. ഇടമുളയ്ക്കൽ പഞ്ചായത്തിലെ ആയൂരിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിലാണ് ജില്ല മിഷൻറെ മൈക്രോ എൻറർപ്രൈസസ് കൺസൽട്ടൻറ് (എം.ഇ.സി) ക്രമക്കേട് കണ്ടെത്തിയത്. 20 രൂപ നിരക്കിലുള്ള ഭക്ഷണത്തിന് സർക്കാറിൽനിന്ന് 10 രൂപ സബ്സിഡിയാണ് നൽകുന്നത്.
ഇങ്ങനെ കഴിഞ്ഞ ഏഴു മാസത്തെ സബ്സിഡി തുകയായ 8,50,000 രൂപയുടെ ക്രമക്കേടാണ് പ്രാഥമിക പരിശോധനയിൽ എം.ഇ.സി കണ്ടെത്തിയത്. ക്രമക്കേടുകളെക്കുറിച്ച് നേരിട്ടെത്തി അന്വേഷണം നടത്തിയാണ് അന്വേഷണ റിപ്പോർട്ട് ജില്ല കുടുംബശ്രീ മിഷനും സി.ഡി.എസിനും നൽകിയത്.
അന്വേഷണ സമയത്ത് ഹോട്ടലിൽ പാർസലായി കൊടുക്കുന്ന രീതിയിൽ പൊതിച്ചോറ് കെട്ടിവെച്ച് പൊതികൾ പുറത്തേക്ക് കൊടുത്തുവിടുകയും, അതേ പൊതിച്ചോറുകൾ പുറം വാതിൽ വഴി വീണ്ടും അടുക്കളയിലെത്തിച്ച് എണ്ണം പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്ന് കണ്ടെത്തി.
അന്വേഷണ ദിവസം 12 കിലോഗ്രാം അരിയാണ് ഹോട്ടലിൽ വേവിച്ചതെന്ന് ഹോട്ടൽ നടത്തുന്നവർ തന്നെ വെളിപ്പെടുത്തിയിരുന്നു. ഒരുകിലോ അരിക്ക് ഏഴ് ഊണ് നൽകാം എന്നാണ് സർക്കാർ കണക്ക്. അങ്ങനെയെങ്കിൽ 12 കിലോ അരിയിൽ 84 ഊണ് മാത്രമേ വരുകയുള്ളൂ.
എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയപ്പോൾ 98 ഊണ് എന്നാണ് ലിസ്റ്റിൽ രേഖപ്പെടുത്തിയിരുന്നത്. വീണ്ടും 20 പൊതികൾ തയാറാക്കിവെച്ചിട്ടുണ്ടായിരുന്നു. കൂടാതെ, പാത്രത്തിൽ പകുതിയോളം ചോറ് അവശേഷിക്കുന്നുണ്ടായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. ഇവിടത്തെ ജനകീയ ഹോട്ടലിനെപ്പറ്റി നേരത്തേ നിരവധി പരാതികളാണ് ഉയർന്നിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.