വെറുതെ ഒരു ശൗചാലയം
text_fieldsഅഞ്ചൽ: പൊതുസമ്മേളനവേദിക്ക് സമീപമുള്ള പഞ്ചായത്ത് വക പൊതുശൗചാലയം പൊതുജനത്തിന് ഉപകാരപ്പെടാതെ നശിക്കുന്നു. കരാറുകാർ സദാസമയവും ശൗചാലയം പൂട്ടിയിടുകയും സ്വകാര്യ ആവശ്യങ്ങൾക്ക് മാത്രമായി തുറക്കുകയും ചെയ്യുന്നുവെന്നാണ് പരാതി.
ശൗചാലയത്തിലും പൊതുസമ്മേളന വേദിക്കും ഇടയിലുള്ള തുറസായ സ്ഥലത്താണ് ആളുകൾ മലമൂത്ര വിസർജനം നടത്തുന്നത്. ഇതിന് സമീപമുള്ള കിണറിലെ വെള്ളവും മലിനപ്പെടുകയാണ്. മഴക്കാലമായതോടെ മലിനജലം കെട്ടി നിന്ന് കൊതുക് പെരുകുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. വർഷങ്ങൾക്ക് മുമ്പ് സ്ഥലത്തെ ഒരു സന്നദ്ധ സംഘടന ഇവിടം ശുചീകരിക്കുകയും മതിലുകളിൽ ചിത്രങ്ങൾ വരച്ചും മനോഹരമാക്കുകയും വിശ്രമകേന്ദ്രമാക്കി മാറ്റുകയും വായിക്കുവാനായി പുസ്തകപ്പെട്ടി സ്ഥാപിക്കുകയും ചെയ്തിരുന്നു. തുടർ നടപടികളൊന്നുമില്ലാതായതോടെ സ്ഥലം വീണ്ടും കാടുകയറിയും മാലിന്യം തള്ളിയും ഉപകാരപ്രദമല്ലാതായിത്തീർന്നു.
തുറസായ പൊതുസമ്മേളന വേദിയിലും സമീപത്തെ കെട്ടിടങ്ങളിലെ വരാന്തകളിലും മറ്റും തമ്പടിച്ചിട്ടുള്ള മദ്യപാനികളും സാമൂഹിക വിരുദ്ധരുമാണ് ഇവിടം മലമൂത്ര വിസർജനം നടത്തി മലിനമാക്കുന്നതെന്നാണ് ലോഡിങ് തൊഴിലാളികളുൾപ്പെടെ പറയുന്നത്.
പരിഹാരമായി പൊതുശൗചാലയം കാര്യക്ഷമമായി പ്രവർത്തിപ്പിക്കുവാൻ വേണ്ട നടപടി പഞ്ചായത്തധികൃതർ സ്വീകരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.