സർവിസ് നീട്ടിയെടുത്തത് വീരമൃത്യുവിലേക്ക്
text_fieldsകടയ്ക്കൽ: അനീഷ് തോമസ് സർവിസ് നീട്ടിയെടുത്തത് വീരമൃത്യുവിലേക്ക്. ജമ്മു-കശ്മീർ അതിർത്തിയിൽ പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ ഇട്ടിവ മണ്ണൂർ ആലുംമുക്ക് ഉണ്ണിക്കുന്നുംപുറം ശൂരനാട്ടുവീട്ടിൽ അനീഷ് തോമസ് 15 വർഷത്തെ സൈനികസേവനം കഴിഞ്ഞ വർഷം പൂർത്തിയാക്കിയിരുന്നു. രാജ്യസേവനത്തിലുള്ള താൽപര്യത്തെ തുടർന്ന് സർവിസ് നീട്ടിയെടുക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ അവധിക്കുവന്ന ശേഷം തിരികെ പോയ അനീഷ് തോമസ് കഴിഞ്ഞയാഴ്ച വീണ്ടും വരാനിരിക്കുകയായിരുന്നു. ഒരുക്കങ്ങളെല്ലാം പൂർത്തിയായപ്പോഴാണ് ഡ്യൂട്ടി ക്രമീകരണത്തിെൻറ ഭാഗമായി അവധി 25ലേക്ക് മാറ്റിയതായി അറിയിപ്പ് ലഭിച്ചത്. ഇതിനെ തുടർന്ന്, ക്വാറൻറീൻ സൗകര്യങ്ങളൊരുക്കി കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് മരണ വാർത്തയാണ്. മിക്ക ദിവസങ്ങളിലും നാട്ടിലേക്ക് വിളിക്കുമായിരുന്നെങ്കിലും ചൊവ്വാഴ്ച വിളിച്ചിരുന്നില്ല.
രാത്രി എട്ടിന് സഹപ്രവർത്തകരാണ് സംഭവം വീട്ടിൽ അറിയിച്ചത്. ബുധനാഴ്ച പുലർച്ച മൂന്നിനാണ് വീട്ടിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. വയല എൻ.വി.യു.പി സ്കൂൾ, ഗവ.ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം പത്തനാപുരം യു.ഐ.ടിയിൽ പഠിക്കുമ്പോഴാണ് സൈന്യത്തിലേക്ക് പ്രവേശനം ലഭിച്ചത്.
മന്ത്രി കെ. രാജു, മുല്ലക്കര രത്നാകരൻ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ എന്നിവർ വീട്ടിലെത്തി അനുശോചനമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.