കിടിലമാണ് ഈ മലമേൽ കാഴ്ചകൾ
text_fieldsഅഞ്ചൽ: കിഴക്കിന്റെ വിരിമാറിലെ നിരനിരയായ മാമലകളുടെ സൗന്ദര്യവും പടിഞ്ഞാറൻ ചക്രവാള സീമയും ഒരേ സമയം കണ്ടാസ്വദിക്കാൻ പറ്റുന്ന ഇടം, അതാണ് മലമേൽ. അഞ്ചലിനു സമീപം അറയ്ക്കൽ വില്ലേജിലാണ് ഈ സ്ഥലം. സമുദ്രനിരപ്പിൽ നിന്ന് 700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിച്ചേരുന്ന ആർക്കും തന്നെ തിരിച്ചുപോകാൻ മനസ്സ് വരാത്തത്ര ആകർഷകമാണ് കാഴ്ചകൾ. കുടുംബവും സുഹൃത്തുക്കളുമൊക്കെ ഒത്തുചേർന്നുള്ള അടുത്ത വൺഡേ ട്രിപ് മലമേലിലേക്ക് ആക്കിയാലോ...
മലമേൽ എത്തുമ്പോൾ പ്രധാന ആകർഷണമായി ഇരുമ്പൂഴിക്കുന്ന് ക്ഷേത്രമുണ്ട്. മലയുടെ നെറുകയിൽ വിശാലമായ പാറയുടെ മധ്യത്ത് വിശേഷമായ കൊത്തുപണികളോടെയാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ത്രിമൂർത്തികളിൽ പരമശിവൻ കിഴക്കോട്ടും മഹാവിഷ്ണു പടിഞ്ഞാറോട്ടും ദർശനമായിട്ടുള്ളതും ബ്രഹ്മാവ് മച്ചിൻ മുകളിലും പ്രതിഷ്ഠിച്ചിരിക്കുന്നതുമായ അപൂർവ ക്ഷേത്രമാണിത്.
ചെറുതും വലുതുമായ അനവധി പാറകളും പ്രദേശത്തെ സമ്പന്നമാക്കുന്നു. നാടുകാണിപ്പാറയുടെ മുകളിൽ നിന്നാൽ തെക്കൻ കേരളം മിക്കവാറും കാണാൻ കഴിയും. കൊല്ലം കടൽത്തീരം, തങ്കശ്ശേരി വിളക്കുമാടം മുതലായവയും കാണാം. ക്ഷേത്രത്തിന് ചുറ്റുമുള്ള വിശാലമായ പാറയാണ് അമ്പലപ്പാറ. നിരുപദ്രവകാരികളായ നൂറുകണക്കിന് വാനരന്മാരുടെ വിഹാരകേന്ദ്രവുമാണിവിടം. ഇവിടെയെത്തുന്നവർ വാനരന്മാർക്ക് ആഹാരസാധനങ്ങൾ നൽകുന്നത് പതിവാണ്. ഓണം, ഉത്സവം മുതലായ വിശേഷ ദിവസങ്ങളിൽ ഇവിടെ നടത്തപ്പെടുന്ന ‘വാനരസദ്യ’ പ്രസിദ്ധമാണ്. ശംഖൂത്ത് പാറ, നടപ്പാറ, കുടപ്പാറ, വിമാനപ്പാറ, ഗോളപ്പാറ, ഗുഹപ്പാറ എന്നിങ്ങനെ പല പേരുകളിൽ ഇവിടെയുള്ള പാറകൾ അറിയപ്പെടുന്നു.
അമ്പലപ്പാറയുടെ കിഴക്ക്-വടക്ക് ഭാഗത്തായുള്ള ചരുവിൽ കാണപ്പെടുന്ന കുളത്തിന്റെ ആഴം എത്രയെന്ന് ഇതുവരെ ആരും തിട്ടപ്പെടുത്തിയിട്ടില്ല. പാറക്കുള്ളിൽ നൈസർഗികമായി രൂപപ്പെട്ടിട്ടുള്ള ഈ ജലസ്രോതസ്സ് എത്ര കഠിനമായ വേനലിലും വറ്റാറില്ല. നാടുകാണിപ്പാറയുടെ കുത്തനെയുള്ള ചരുവിൽ പാറകൾക്കിടയിൽ കാണപ്പെടുന്ന ഗുഹയാണ് പുലിച്ചാൺ. പണ്ട് ഇതിനുള്ളിൽ പുലികൾ വസിച്ചിരുന്നതായി പറയപ്പെടുന്നു. മറയൂർ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ സ്വാഭാവിക ചന്ദനങ്ങൾ വളരുന്ന ഭൂമിയാണിവിടം. മയിൽ, മലയണ്ണാൻ, വേഴാമ്പൽ, ഓലേഞ്ഞാലി, മുള്ളൻപന്നി മുതലായ ജീവജാലങ്ങളും അപൂർവയിനം പുല്ലുകളും ഇവിടെയുണ്ട്.
മലമേൽ ടൂറിസം പദ്ധതി ക്ലിക്കായതോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണിപ്പോൾ. അവധി ദിവസങ്ങളിൽ കുടുംബങ്ങൾ മലമേൽ മല കയറി കാഴ്ചകൾ കാണാനെത്തുന്നു. കല്ല് പാകിയ നടപ്പാതകൾ, ഫെൻസിങ്, ലാൻഡ് സ്കേപ്പിങ്, സോളാർ ലൈറ്റ്, കല്ലിൽ തീർത്ത ഇരിപ്പിടങ്ങൾ, ലഘുഭക്ഷണശാല മുതലായ സൗകര്യങ്ങൾ ഡി.ടി.പി.സി ഒരുക്കിയിട്ടുണ്ട്.
ഓണക്കാലത്ത് സന്ദർശകരുടെ എണ്ണം ഇനിയും വർധിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം അധികൃതരും നാട്ടുകാരും. ഇവിടെയെത്തിയാൽ പ്രകൃതിയുടെ മടിത്തട്ടിലെന്ന പ്രതീതിയാണനുഭവപ്പെടുന്നത്. ഇവിടേക്കുള്ള യാത്രയും അസ്തമയക്കാഴ്ചയുമൊരുക്കുന്ന അനുഭവം ഒരിക്കലും നിരാശരാക്കില്ല. അപ്പോൾ, ഈ ഓണക്കാലത്ത് മലമേൽ പോയി പ്രകൃതിയെ അറിഞ്ഞ് അടിച്ചുപൊളിക്കാം, ആസ്വദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.