ദുരൂഹ മരണം; മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോർട്ടം നടത്തും
text_fieldsഅഞ്ചൽ: ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ടയാളെ നടപടിക്രമങ്ങൾ പാലിക്കാതെ അടക്കം ചെയ്തു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. മൃതദേഹം വ്യാഴാഴ്ച പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും.
തടിക്കാട് കൈതക്കെട്ടിൽ മാഹിൻ മൻസിലിൽ ബദറുദ്ദീനെ കഴിഞ്ഞ ശനിയാഴ്ച പുലർച്ച അഞ്ചോടെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഭാര്യയും മക്കളും കാണുന്നത്. ഉടൻ സമീപവാസിയായ അടുത്ത ബന്ധുവും മക്കളും ചേർന്ന് പുനലൂർ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്താതെ പാതിവഴിയിൽ തിരിച്ചെത്തിച്ചു. ഹൃദയാഘാതം വന്ന് മരിച്ചതാണെന്ന് ബന്ധുക്കളെയും നാട്ടുകാരെയും ധരിപ്പിക്കുകയും തുടർന്ന്, വൈകീട്ടോടെ തടിക്കാട് പള്ളിയിൽ ഖബറടക്കുകയും ചെയ്തു.
വിവരമറിഞ്ഞ ബദറുദ്ദീെൻറ ഗൾഫിലുള്ള സഹോദരിമാർ പുനലൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകിയതിനെത്തുടർന്ന് അഞ്ചൽ പൊലീസ് കേസെടുത്തു. ബദറുദ്ദീെൻറ മക്കളെ ചോദ്യം ചെയ്തപ്പോൾ തൂങ്ങിമരിച്ചതാണെന്നും പിതാവിനെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിലുള്ള മനോവിഷമത്താലാണ് വിവരം മറച്ചു െവച്ചതെന്നും വിവരം ലഭിച്ചു.
വ്യാഴാഴ്ച രാവിലെ 11ന് പുനലൂർ ആർ.ഡി.ഒ, തഹസീൽദാർ, ഫോറൻസിക് വിദഗ്ധർ എന്നിവരുടെ സാന്നിധ്യത്തിൽ തടിക്കാട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽനിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുമെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.