അധ്യാപികയെ തള്ളിയിട്ട് മാല കവർച്ച; പ്രതിയെ പിന്തുടർന്ന് പിടികൂടി കാർ യാത്രികർ
text_fieldsഅഞ്ചൽ: അധ്യാപികയെ തള്ളിയിട്ട് മാലപൊട്ടിച്ച് ബൈക്കിൽ കടന്ന സംഘത്തിലെ ഒരാളെ കാർ യാത്രികർ പിന്തുടർന്ന് കീഴ്പ്പെടുത്തി പൊലീസിനെ ഏൽപ്പിച്ചു. ഇരവിപുരം വാളത്തുംഗൽ കളീലിൽ വീട്ടിൽ യാസറാണ് (37) പിടിയിലായത്.
കഴിഞ്ഞദിവസം രാവിലെ പതിനൊന്നോടെ വാളകം എം.എൽ.എ ജങ്ഷന് സമീപത്തെ സി.എസ്.ഐ സ്കൂളിൽനിന്ന് ഇറങ്ങി വന്ന അധ്യാപികയുടെ രണ്ടുപവന്റെ സ്വർണമാല ബൈക്കിലെത്തിയ യാസറും സുഹൃത്തും ചേർന്ന് പൊട്ടിച്ചെടുത്ത് കടന്നു. ഈസമയത്ത് ഇതുവഴി കാറിൽ വന്നവർ സംഭവം കാണുകയും ബൈക്കിനെ പിന്തുടരുകയും ചെയ്തു. വാളകം അണ്ടൂർ റോഡിൽ കട്ടിയാംകോട് ഭാഗത്തുവെച്ച് കാർ തടസ്സം നിർത്തി ബൈക്ക് തടഞ്ഞു. കാർ ഓടിച്ചിരുന്ന റാന്നി ഉദിമൂട് സ്വദേശിയും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ സുരേഷും മോഷ്ടാക്കളുമായി മൽപിടുത്തമുണ്ടായി. സുരേഷിന്റെയും കാറിലുണ്ടായിരുന്ന മറ്റു യാത്രികരുടെയും ചെറുത്തു നിൽപിനെത്തുടർന്ന് യാസറിനെ കീഴ്പ്പെടുത്തി. കൂട്ടാളി ബൈക്കുമായി രക്ഷപ്പെട്ടു.
സ്ഥലത്തെത്തിയ വാളകം ഔട്ട് സ്റ്റേഷനിലെ എസ്.ഐയും സംഘവും യാസറിനെ കസ്റ്റഡിയിലെടുത്തു. ഇയാളിൽനിന്ന് മാല കണ്ടെടുത്തു. തുടർ നടപടികൾക്കായി യാസറിനെ കൊട്ടാരക്കര പൊലീസിന് കൈമാറി. യാസർ നേരത്തേയും സമാനമായ കേസുകളിൽ പ്രതിയാണെന്നും കൂട്ടുപ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
സന്ദർഭോചിതമായി ഉണർന്ന് പ്രവർത്തിക്കുകയും പ്രതികളെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയും ചെയ്ത കെ.എസ്.ആർ.ടി.സി ഡ്രൈവർ സുരേഷിനെ നാട്ടുകാരും പൊലീസും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.