ജീവനക്കാരില്ല; താളംതെറ്റി ആയിരനല്ലൂർ വില്ലേജ് ഓഫിസ് പ്രവർത്തനം
text_fieldsഅഞ്ചൽ: ജീവനക്കാരുടെ കുറവുമൂലം ആയിരനല്ലൂർ വില്ലേജ് ഓഫിസിന്റെ പ്രവർത്തനം അവതാളത്തിൽ. ഏരൂർ ഗ്രാമപഞ്ചായത്തിലെ കിണറ്റുമുക്കിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസിൽ വില്ലേജ് ഓഫിസറും രണ്ട് ഫീൽഡ് അസിസ്റ്റൻറുമാരുമാണ് ഇപ്പോഴുള്ളത്.
നേരത്തേയുണ്ടായിരുന്ന സ്പെഷൽ വില്ലേജ് ഓഫിസർ ഏതാനും ദിവസം മുമ്പ് സ്ഥലംമാറിപ്പോയതിൽ പകരം നിയമനം നടന്നിട്ടില്ല. മറ്റൊരു വില്ലേജ് അസിസ്റ്റൻറ് 40 ദിവസത്തെ അവധിയിലാണ്.
ജീവനക്കാരില്ലാത്തതിനാൽ വില്ലേജ് ഓഫിസ് സേവനങ്ങൾ നാട്ടുകാർക്ക് ലഭിക്കുന്നതിന് കാലതാമസമെടുക്കുന്നു. ഫീൽഡ് അസിസ്റ്റന്റുമാർക്ക് ഓഫിസ് സംബന്ധമായ കാര്യങ്ങളിൽ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്യാൻ അനുമതിയും ഇല്ല.
ഇതുമൂലം അധിക ജോലിഭാരത്തിലാണ് വില്ലേജ് ഓഫിസർ. വാഹനസൗകര്യം തീരെപരിമിതമാണ് വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്ന കിണറ്റുമുക്കിൽ.
ആർച്ചൽ, ആയിരനല്ലൂർ, അയിലറ(ഭാഗികം), കരവാളൂർ (ഭാഗികം) എന്നീ പ്രദേശങ്ങളാണ് ഈ ഓഫിസിന്റെ പരിധിയിലുള്ളത്. ഒരു ആവശ്യത്തിന് പല തവണ വില്ലേജ് ഓഫിസിൽ എത്തേണ്ടിവരുന്നത് നാട്ടുകാർക്ക് സാമ്പത്തികനഷ്ടവും സമയനഷ്ടവുമുണ്ടാക്കുന്നു. ഇതിനെതിരെ നാട്ടുകാരിൽ പ്രതിഷേധം പടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.