അനധികൃത മാലിന്യ സംഭരണ കേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്തിച്ചു
text_fieldsഅഞ്ചൽ: ഏരൂർ പഞ്ചായത്തിലെ ഭാരതീപുരം നീരേറ്റുതടത്തിലെ അനധികൃത മാലിന്യ സംസ്കരണ കേന്ദ്രങ്ങൾക്ക് ഏരൂർ ഗ്രാമപഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകി. നാട്ടുകാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് കഴിഞ്ഞ ദിവസം അധികൃതർ സ്ഥലത്തെത്തിയിരുന്നു. എണ്ണപ്പനത്തോട്ടത്തോട് ചേർന്ന് ആൾതാമസമില്ലാത്ത പ്രദേശത്ത് പ്രവർത്തിക്കുന്ന മൃഗക്കൊഴുപ്പ് നിർമാണ കേന്ദ്രവും മാലിന്യ സംസ്കരണ കേന്ദ്രവുമാണ് പ്രവർത്തനം നിർത്തിയത്. വർഷങ്ങളായി മാലിന്യം കുന്നുകൂടിക്കിടക്കുന്ന കേന്ദ്രത്തിൽനിന്നുള്ള മലിനജലം ഒഴുകി ജനങ്ങൾ ഉപയോഗിക്കുന്ന തോട്ടിലും സമീപത്തെ കുടിവെള്ള കിണറുകളിലുമാണ് വ്യാപിക്കുന്നത്.
തോട്ടിലൂടെയൊഴുകുന്ന വെള്ളത്തിന്റെ ദുർഗന്ധവും നിറവ്യത്യാസവും അസഹ്യമായതോടെയാണ് നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചത്. പരാതിയെത്തുടർന്ന് പഞ്ചായത്തധികൃതരും ഏരൂർ പൊലീസും സ്ഥലത്തെത്തി നിയമ നടപടി സ്വീകരിക്കുകയായിരുന്നു. വർഷങ്ങളായി ഏരൂർ, അഞ്ചൽ ഉൾപ്പെടെ ഏതാനും സമീപ പഞ്ചായത്തുകളുടെ മാലിന്യം തള്ളൽ കേന്ദ്രമാണ് ഇവിടം. പ്രദേശങ്ങളിൽനിന്നും നീക്കം ചെയ്യപ്പെടുന്ന മാലിന്യം രാത്രി കാലങ്ങളിൽ ടിപ്പറുകളിൽ കയറ്റി നീരേറ്റുതടത്തിലെ വിശാലമായ സ്ഥലത്താണ് തള്ളിയിരുന്നത്.
ഇതിനായി ഗ്രാമപഞ്ചായത്തുകൾ കരാറുകാരന് പണവും നൽകുന്നതാണ്. ഏതാനും മാസം മുമ്പ് ഓയിൽപാം എസ്റ്റേറ്റിലൂടെയുള്ള വാഹനയാത്ര അധികൃതർ നിരോധിച്ചതിനാൽ മാലിന്യനീക്കം തടസ്സപ്പെട്ടു. ഇതോടെ കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിൽനിന്നും മലിന ജലമൊഴുകാനും ദുർഗന്ധം വമിക്കാനും ഈച്ച, കൊതുക്, അട്ട മുതലായവ പെരുകാനും കാരണമായി.
സമാനമായ സ്ഥിതിയാണ് സമീപത്തെ മൃഗക്കൊഴുപ്പ് നിർമാണ കേന്ദ്രത്തിലുമുള്ളത്. വിവിധ കശാപ്പ് കേന്ദ്രങ്ങളിൽനിന്ന് എത്തിക്കുന്ന മാംസാവശിഷ്ടങ്ങൾ ഇവിടെവെച്ച് ഉരുക്കി കൊഴുപ്പും നെയ്യും വേർതിരിച്ചെടുക്കുകയാണ്. പഞ്ചായത്തിന്റെയോ മറ്റോ അംഗീകാരമില്ലാതെയാണ് ഇതും പ്രവർത്തിക്കുന്നതെന്നും അധികൃതർ കണ്ടെത്തി. രാഷ്ട്രീയപാർട്ടി നേതാക്കൾ വൻതോതിലുള്ള സാമ്പത്തിക സഹായമാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നും മാലിന്യം നീക്കം ചെയ്ത വകയിൽ ചില പഞ്ചായത്തുകൾ തങ്ങൾക്ക് നൽകാനുള്ള ഫീസ് നൽകിയിട്ടില്ലെന്നും കരാറുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.