പൊലിക്കോട് ജങ്ഷൻ അപകടരഹിതമാക്കാൻ നടപടി വേണം
text_fieldsഅഞ്ചൽ: വാഹനാപകടങ്ങൾ തുടർച്ചയായുണ്ടാകുന്ന പൊലിക്കോട് ജങ്ഷനെ അപകടരഹിതമാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. കൊട്ടാരക്കരക്കും ആയൂരിനും ഇടയിലുള്ള ഏക നാൽക്കവലയാണ് പൊലിക്കോട് ജങ്ഷൻ. അണ്ടൂർ റോഡും തടിക്കാട് റോഡും എം.സി റോഡുമായി സന്ധിക്കുന്നത് ഇവിടെയാണ്. ഇടറോഡുകളിൽ നിന്നെത്തുന്ന വാഹനങ്ങളെയും കാൽനടക്കാരെയും എം.സി റോഡിലൂടെ പാഞ്ഞുപോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടാത്തത് അപകട കാരണമാകുന്നു.
ഏതാനും ദിവസം മുമ്പ് റോഡരികിലെ വെയിറ്റിങ് ഷെഡിൽ ഉണ്ടായിരുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് നിയന്ത്രണംതെറ്റിയ കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള പത്തുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആയൂർ ഭാഗത്തുനിന്ന് ബസുകളിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് എതിർഭാഗത്തേക്ക് നടന്നുനീങ്ങാൻ സീബ്രാലൈൻ സ്ഥാപിച്ചിട്ടില്ല. തന്മൂലം യാത്രക്കാർ ഏറെ പ്രയാസപ്പെടുകയാണ്. രാവിലെയും വൈകീട്ടും കൂടുതൽ വാഹനത്തിരക്കനുഭവപ്പെടുന്നതാണ് അപകടങ്ങളുണ്ടാകാൻ കാരണം.
ഇവിടെ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കുകയും ഗതാഗതനിയന്ത്രണത്തിന് വാർഡൻമാരെയോ ഹോം ഗാർഡുമാരെയോ നിയമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അപകടസാധ്യതാപ്രദേശമെന്ന് കണ്ട് ഇവിടെ അപകടങ്ങൾ ഒഴിവാക്കാനാവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാക്കണമെന്നാണ് നാട്ടുകാരും സ്ഥലത്തെ ടാക്സി, ഓട്ടോ ഡ്രൈവർമാരും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.