പൂക്കളമൊരുക്കി മാവേലിയെ വരവേൽക്കാനൊരുങ്ങി 'തമിഴാളം'
text_fieldsഅഞ്ചൽ: മലയാളികളുടെ ദേശീയോത്സവത്തിെൻറ അന്തഃസത്ത കാത്തുസൂക്ഷിച്ച് ഓണത്തപ്പനായ മാവേലിമന്നനെ വരവേൽക്കാൻ പൂക്കളവും ഊഞ്ഞാലുമൊരുക്കി കാത്തിരിക്കുകയാണ് ഇവിടെ ഏതാനും തമിഴ് മലയാളി കുടുംബങ്ങൾ.
അഞ്ചൽ ടൗണിെൻറ പ്രാന്തത്തിൽ ഇടമുളയ്ക്കൽ പഞ്ചായത്ത് ഒാഫിസിന് സമീപം അമ്പതോളം തമിഴ് കുടുംബങ്ങൾ വർഷങ്ങളായി സ്ഥിരതാമസമുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് പലവിധ വ്യാപാരങ്ങൾക്കായി തമിഴ്നാട്ടിൽ നിന്നെത്തിയവരാണ് ഇവർ. ക്രമേണ ഇവിടെ സ്വന്തമായി വസ്തുവാങ്ങി വീടുെവച്ച് സ്ഥിരതാമസമാക്കി. ഇന്നത്തെ തലമുറ ഇവിടെ ജനിച്ച് ഇവിടത്തെ വിദ്യാലയങ്ങളിൽ പഠിച്ച്, മലയാളം ഉൾപ്പെടെ വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരാണ്. ആചാരത്തിലും ആഹാരത്തിലും വാക്കിലും നോക്കിലും എല്ലാം തനിമലയാളികൾ തന്നെയായ ഇവർക്ക് ഒാണവും സ്വന്തം ആഘോഷമാകാതിരിക്കുന്നതെങ്ങനെ.
അത്തംനാൾ മുതൽ തിരുവോണം വരെ ഇവരുടെ വീടുകളുടെ മുറ്റത്ത് പൂക്കളമൊരുക്കും, ഊഞ്ഞാലിടും. പുതുവസ്ത്രങ്ങളണിയലും ഓണസദ്യെയാരുക്കലുമെല്ലാം മലയാളത്തനിമയിൽത്തന്നെ. സദ്യയുടെ വിഭവങ്ങളും തനിനാടൻ തന്നെ. തൂശനിലയിൽ പച്ചടി, കിച്ചടി, അവിയൽ, തോരൻ, ഇഞ്ചി, നാരങ്ങ, ഉപ്പുമാങ്ങ, ഉപ്പേരി, ശർക്കരവരട്ടി, പരിപ്പ്, പപ്പടം, സാമ്പാർ, പുളിശ്ശേരി, പച്ചമോര്, പഴം, പ്രഥമൻ എന്നിവയടങ്ങിയ സദ്യ ഇവർക്കും നിർബന്ധമാണ്. തിരുവോണത്തിന് ശേഷം ഇവരിൽ മിക്കവരും ബന്ധുക്കളെ സന്ദർശിക്കാനായി തമിഴ്നാട്ടിലേക്ക് പോകുന്നതും പതിവാണ്.
കോവിഡ് പശ്ചാത്തലമുള്ളതിനാൽ ഇക്കൊല്ലത്തെ ഓണാഘോഷത്തിെൻറ പകിട്ട് അൽപം കുറവാണെങ്കിലും ആചാരാനുഷ്ഠാനങ്ങളിൽ കുടുംബങ്ങൾ തെല്ലും കുറവ് വരുത്തിയിട്ടില്ല. പൂക്കളുടെ ലഭ്യത കുറവാണെങ്കിലും മനോഹരമായിത്തന്നെ ഇവരുടെ മുറ്റങ്ങളിൽ പൂക്കളം ഒരുങ്ങുന്നുണ്ട്. എല്ലാ മലയാളികളോടുമൊപ്പം ഇവരും നമ്മുടെ ഓണമാഘോഷിക്കുകയാണ്- 'സമത്വസുന്ദരമായ നല്ല നാളേക്കായി'...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.