രാമഭദ്രൻ കൊലക്കേസ്: മുൻ പുനലൂർ ഡിവൈ.എസ്.പിക്കെതിരെ അന്വേഷണം
text_fieldsഅഞ്ചൽ: ഏറെ കോളിളക്കം സൃഷ്ടിച്ച ഏരൂർ നെട്ടയം രാമഭദ്രൻ കൊലക്കേസിലെ ആദ്യകാല അന്വേഷണ ഉദ്യോഗസ്ഥനും മുൻ പുനലൂർ ഡിവൈ.എസ്.പിയും നിലവിൽ പത്തനംതിട്ട ഡിവൈ.എസ്.പിയുമായ ബി. വിനോദിനെതിരെ വകുപ്പുതല അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി. കേസ് കാലയളവിൽ പുനലൂർ സർക്കിൾ ഇൻസ്പെക്ടറായിരുന്ന ബി. വിനോദാണ് കേസിലെ ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തത്. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി രാമഭദ്രന്റെ ഭാര്യ ബിന്ദു ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്ന് കേസ് സി.ബി.ഐ ഏറ്റെടുക്കുകയും അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
വിചാരണ വേളയിൽ 2023 സെപ്റ്റംബർ 19ന് സി.ബി.ഐ കോടതിയിൽ ഹാജരാക്കിയ ഒമ്പത് പ്രതികളിൽ താൻ അറസ്റ്റ് ചെയ്ത ഏഴുപേരെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് അന്വേഷണോദ്യോഗസ്ഥനായ ബി. വിനോദ് മൊഴി നൽകിയിരുന്നു. ഇത് ഡിവൈ.എസ്.പിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നാണ് നിഗമനം. വിചാരണവേളയിൽ പ്രതികളെ തിരിച്ചറിയുന്നതിനുള്ള പരിശ്രമമോ മുൻകൂട്ടിയുള്ള തയാറെടുപ്പുകളോ ഇല്ലാതെ തികഞ്ഞ ലാഘവബുദ്ധിയോടെ പ്രോസിക്യൂഷന്റെ ഭാഗമായി കോടതിയിൽ ഹാജരാവുകയായിരുന്നു.
പ്രതികൾക്ക് സഹായകമാകുംവിധത്തിലും പ്രോസിക്യൂഷൻ ഭാഗത്തിന് ദോഷകരമാകുംവിധത്തിലും മൊഴി നൽകിയിട്ടുണ്ടെന്നും കർശനവും മാതൃകാപരവുമായ വകുപ്പുതല നടപടി സ്വീകരിക്കണമെന്നുമാണ് സംസ്ഥാന പൊലീസ് മേധാവി ശിപാർശ ചെയ്തിരിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ അന്വേഷണോദ്യോഗസ്ഥനെ നിയമിക്കുന്നതിനുള്ള പാനൽ പൊലീസ് മേധാവി സമർപ്പിക്കണമെന്ന് ഗവർണറുടെ ഉത്തരവിൻപ്രകാരം അഡീഷനൽ സെക്രട്ടറി പി.എസ്. ബീനയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.