അപൂർവ രോഗം: ഒന്നര വയസ്സുകാരൻ സഹായം തേടുന്നു
text_fieldsഅഞ്ചൽ: അത്യപൂർവ രോഗത്തിെൻറ പിടിയിലായ ഒന്നര വയസ്സുകാരൻ ചികിത്സ സഹായം തേടുന്നു. കണ്ണുകൾക്ക് ചലനമില്ലാതെയും കൈകാലുകൾ തളർന്നും ഒന്നരവർഷമായി ഒരേ കിടപ്പിലാണ് അഞ്ചൽ തടിക്കാട് കൊമ്പേറ്റിമല അനീഷ മൻസിലിൽ നൈസാൻ. നാക്ക് വായിൽ ഒട്ടിയിരിക്കുന്നതിനാൽ ദ്രവരൂപത്തിലുള്ള ആഹാരം മാത്രമാണ് കൊടുക്കുന്നത്. മോബിയസ് സിൻഡ്രോം എന്ന അപൂർവ രോഗമാണ് കുട്ടിക്കുള്ളതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
തിരുവനന്തപുരം എസ്.എ.ടിയിൽ ജനിച്ച കുഞ്ഞിന് വിദഗ്ദ ചികിത്സക്കായി നിരവധി ആശുപത്രികളിൽ കൊണ്ടുപോയെങ്കിലും ചികിത്സചെലവ് കുടുംബത്തിന് താങ്ങാനാകുന്നില്ല. നാവ് ചലിപ്പിക്കുന്നതിന് മേജർ ശസ്ത്രക്രിയയാണ് നിർദേശിച്ചിരിക്കുന്നത്. മൂന്ന് ലക്ഷം രൂപ ഓപറേഷന് മാത്രമായി വേണം.
കുട്ടി ജനിച്ച് വൈകല്യമുണ്ടെന്നറിഞ്ഞയുടെന പിതാവ് ഉപേക്ഷിച്ചുപോയതാണ്. മൂത്ത മകൻ നജാദ് ആറാം ക്ലാസിൽ പഠിക്കുന്നു. മാതാവ് നിഷക്ക് കൂലിവേലക്ക് പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഇവരോടൊപ്പമുള്ള നിഷയുടെ മാതാവ് തൊഴിലുറപ്പ് തൊഴിലാളിയാണ്. ഇതിൽനിന്ന് കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഏക ആശ്രയം. ആകെയുള്ള അഞ്ച് സെൻറ് പുരയിടവും വീടും ബാങ്കിൽ പണയത്തിലാണ്. ചികിത്സക്കും നിത്യ ചെലവിനുമായി ഏറെ പ്രയാസപ്പെടുകയാണ് നിഷ. ഉദാരമതികൾ സഹായിക്കണമെന്നാണ് നിഷയുടെ അപേക്ഷ. എസ്.ബി.ഐ പനച്ചവിള ശാഖയിൽ നിഷയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 35837198035. IFSC: SBlN0012880.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.