തടിക്കാട്-പൊലിക്കോട് പാത; റോഡിലെ കുഴി നികത്തിയ സ്ഥലം അപകടക്കെണി
text_fieldsഅഞ്ചൽ: ജലവിതരണക്കുഴൽ പൊട്ടിയുണ്ടായ റോഡിലെ കുഴി അടച്ചെങ്കിലും വീണ്ടും ആഴമുള്ളതായിത്തീർന്നു. തടിക്കാട്-പൊലിക്കോട് പാതയിൽ ഇടയം മുതുവാനം ജങ്ഷന് സമീപം ഈട്ടിവിള ഭാഗത്താണ് വാഹനങ്ങൾക്ക് ഭീഷണിയായി കുഴിയുള്ളത്. രണ്ടുമാസം മുമ്പ് പൈപ്പ് പൊട്ടിയതിനെത്തുടർന്നാണ് ഇവിടെ റോഡ് കുഴിഞ്ഞത്.
വാഹനങ്ങൾ അപകടത്തിൽപെടാതെ നാട്ടുകാർ സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയിരുന്നു. ഏറെ നാളുകൾക്ക് ശേഷം വാട്ടർ അതോറിറ്റി അധികൃതർ കുഴി അടക്കുകയും രണ്ടടിയോളം ചതുരാകൃതിയിൽ അഞ്ച് സെൻറിമീറ്ററോളം ഉയരത്തിൽ ഇവിടെ ടാർ ചെയ്തെങ്കിലും നേരത്തേയുണ്ടായിരുന്ന കുഴി കൂടുതൽ ആഴമുള്ളതാകുകയായിരുന്നു. ഇടയം ഭാഗത്തുനിന്ന് കടന്നുവരുന്ന വാഹനങ്ങളെല്ലാം ഈ കുഴിയിൽ വീഴാതെ പോകാൻ പ്രയാസപ്പെടുകയാണ്.
ദൂരെനിന്ന് കടന്നുവരുന്ന വാഹനമോടിക്കുന്നവരുടെ ശ്രദ്ധയിൽ ഈ അപകടക്കെണിപെടാറില്ല. രാത്രി ഇതുവഴി കടന്നുപോകുന്ന ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്. ശാസ്ത്രീയവും അപകടരഹിതവുമായ വിധത്തിൽ പ്രവൃത്തിനടത്താത്തതിനാലാണ് റോഡിലെ കുഴി മാറാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.