നോട്ടീസ് നൽകാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ ഗൃഹനാഥനും സംഘവും ചേർന്ന് ആക്രമിച്ചു
text_fieldsഅഞ്ചൽ (കൊല്ലം): വായ്പാകുടിശ്ശിക വരുത്തിയത് തിരിച്ചടക്കുന്നത് സംബന്ധിച്ച ഒൺടൈം സെറ്റിൽമെന്‍റ് പദ്ധതിയുടെ അദാലത്ത് നോട്ടീസ് നല്‍കാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ ഗൃഹനാഥനും കൂട്ടരും ചേർന്ന് മർദിച്ചു. പുനലൂര്‍ കാര്‍ഷിക ഭൂപണയ ബാങ്കിലെ അഞ്ചല്‍ ബ്രാഞ്ച് മാനേജര്‍ രാജുകുമാര്‍, സെയില്‍ ഓഫിസര്‍ മനോജ്, അഞ്ചല്‍ ബ്രാഞ്ച് ഡ്രൈവര്‍ പ്രശാന്ത് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
തിങ്കളാഴ്ച ഉച്ചയോടെ ഏറം പോങ്ങുമുകളിൽ പാലോട്ടു വീട്ടിലെത്തി നോട്ടീസ് നല്‍കാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ കൃഷ്ണകുമാർ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. തുടർന്ന് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരും ചേർന്ന് ഉദ്യോഗസ്ഥരെ മർദിക്കുകയായിരുന്നുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ആദ്യം ബ്രാഞ്ച് മാനേജറുടെ നെഞ്ചത്ത് അടിച്ചുവീഴ്ത്തി. തടയാനെത്തിയ സെയില്‍ ഓഫിസറുടെ കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഡ്രൈവര്‍ക്ക് നേരെയും ആക്രമണം ഉണ്ടായത്രേ. ഇവിടെനിന്നും മടങ്ങാന്‍ ശ്രമിക്കവേ വാഹനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഇവര്‍ പറയുന്നു.
പരിക്കേറ്റ മൂവരെയും അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. അഞ്ചൽ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.