ബസുടമയുടെ മരണം; പൊലീസ് നായ് മണം പിടിച്ചെത്തിയത് 300 മീറ്റർ അകലെയുള്ള വീട്ടിൽ: ദുരൂഹതകൾ ഏറെ
text_fieldsഅഞ്ചൽ: കത്തിക്കരിഞ്ഞ നിലയിൽ സ്വകാര്യ ബസുടമയുടെ മൃതദേഹം കണ്ടെത്തി. അഞ്ചൽ അഗസ്ത്യക്കോട് അമ്പലംമുക്കിൽ തുഷാര ഭവനിൽ ഉല്ലാസ് (40) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ അഞ്ചൽ സെൻറ് ജോൺസ് സ്കൂളിന് സമീപം നിർമാണം പൂർത്തിയാകാത്ത അഞ്ചൽ ബൈപാസിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രഭാതസവാരിക്കാരാണ് മൃതദേഹം കിടക്കുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ നാട്ടുകാെരയും പൊലീസനൈയും വിവരമറിയിച്ചു. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
മൃതദേഹത്തിനടുത്തുനിന്ന് മൊബൈൽ, വാച്ച്, ചെരുപ്പ്, കന്നാസ് എന്നിവയും പൊലീസ് കണ്ടെടുത്തു. മൊബൈൽ ഫോണിൽ നിന്നുള്ള വിവരങ്ങൾ മനസ്സിലാക്കിയാണ് പൊലീസ് ഉല്ലാസിെൻറ ബന്ധുക്കളുമായി ബന്ധപ്പെട്ടത്. ബന്ധുക്കൾ സ്ഥലത്തെത്തി മൊബൈൽ ഫോൺ, ചെരുപ്പ്, വാച്ച് എന്നിവ തിരിച്ചറിഞ്ഞു.
ഉല്ലാസിെൻറ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാകാനാണ് സാധ്യതയെന്നും ബന്ധുക്കൾ പറഞ്ഞു. സാമ്പത്തിക ബാധ്യതമൂലം ആത്മഹത്യ ചെയ്തുവെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പൊലീസ് ശരിയായ രീതിയിൽ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു.
എന്നാൽ നാട്ടുകാരിൽ ചിലർ പറയുന്നത് ലോക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക തകർച്ചയുടെ ഇരയായി മാറിയതെന്നാണ്. ഏതാനും വർഷങ്ങൾക്കുമുമ്പാണ് റബർ എസ്റ്റേറ്റ് വിറ്റ് ഉല്ലാസും സഹോദരങ്ങളും ചേർന്ന് മൂന്ന് ബസുകൾ വാങ്ങി സർവിസ് നടത്തിയിരുന്നത്. സഹോദരങ്ങളായ ഇവർ മൂവരും തന്നെയാണ് ജീവനക്കാരായും പ്രവർത്തിച്ചിരുന്നത്. സാമാന്യം നല്ല വരുമാനം ലഭിച്ചുകൊണ്ടിരിക്കെയാണ് ലോക്ഡൗൺ വന്ന് വണ്ടികൾ കട്ടപ്പുറത്തായത്. ഇതിനെ അതിജീവിക്കുന്നതിനായി അഗസ്ത്യക്കോടിനു സമീപം കോമളത്ത് പശു ഫാം നടത്തി വരികയായിരുന്നു സഹോദരങ്ങൾ. മിക്ക ദിവസങ്ങളിലും ഉല്ലാസ് രാത്രിയിൽ തങ്ങുന്നത് ഇവിടെയായിരുന്നു.
കഴിഞ്ഞ ദിവസവും സാധാരണ പോലെ ഉച്ചയോടെ വീട്ടിൽ നിന്നിറങ്ങി ഫാമിലേക്ക് പോയതായിരുന്നു. വൻ സാമ്പത്തിക ബാധ്യത വന്നതുമൂലം ആത്മഹത്യ ചെയ്തതാകാമെന്നാണ് നാട്ടുകാരിൽ ചിലരുടെ അഭിപ്രായം.
പൊലീസ് നായ് മണം പിടിച്ചെത്തിയത് 300 മീറ്റർ അകലെയുള്ള വീട്ടിൽ
അഞ്ചൽ: തെളിവെടുപ്പിെൻറ ഭാഗമായി സ്ഥലത്തെത്തിയ ശ്വാന സേനയിലെ നായ് കത്തിക്കരിഞ്ഞ മൃതദേഹത്തിൽനിന്ന് മണം പിടിച്ച ശേഷം ഏകദേശം 300 മീറ്റർ അകലെയുള്ള വീട്ടിൽ കയറി. മരണവുമായി ഈ വീട്ടിലുള്ളവർക്ക് ഏതെങ്കിലും വിധത്തിലുള്ള ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും. മൃതദേഹത്തിനടുത്തുനിന്ന് ലഭിച്ച മൊബൈൽ ഫോണിൽ വന്നുകൊണ്ടിരുന്ന കാളുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
റൂറൽ എസ്.പി കെ.ബി. രവി, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അശോകൻ, പനലൂർ ഡിവൈ.എസ്.പി എസ്. സന്തോഷ്കുമാർ, അഞ്ചൽ ഇൻസ്പെക്ടർ സൈജുനാഥ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മേൽനടപടിയെടുത്ത ശേഷം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചൽ കേന്ദ്രീകരിച്ച് സർവിസ് നടത്തുന്ന കാർത്തിക എന്ന മൂന്ന് ബസുകളുടെ ഉടമയാണ് ഉല്ലാസ്. അവിവാഹിതനാണ്. പിതാവ്: പരേതനായ രവീന്ദ്രൻ, മാതാവ്: ലൈല, സഹോദരങ്ങൾ: ഉന്മേഷ്, രോഹിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.