കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം വീടുകളിലെത്തിയെന്ന് പ്രചാരണം
text_fieldsഅഞ്ചൽ: പുസ്തകങ്ങൾ വിൽക്കാനെന്ന പേരിൽ വീടുകളിലെത്തി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘം അഞ്ചൽ മേഖലയിൽ എത്തിയെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം ജനങ്ങളെ ആശങ്കയിലാഴ്ത്തി. അഞ്ചൽ ചന്തമുക്ക്, ഗണപതിയമ്പലം ഭാഗം, പടിഞ്ഞാറ്റിൻകര, വൃന്ദാവനംമുക്ക് എന്നിവിടങ്ങളിൽ രണ്ട് ദിവസം മുമ്പ് ഇരുചക്രവാഹനങ്ങളിൽ രണ്ടുപേർ ഹിന്ദി പുസ്തകങ്ങൾ വിൽപന നടത്തുന്നതിനെത്തിയിരുന്നു.
ഇവർ കുട്ടികളെ തട്ടിക്കൊണ്ട് പോകാനോ, സ്ത്രീകളുടെ മാല മോഷ്ടിക്കുന്നതിനോ ലക്ഷ്യമിട്ടാണ് വന്നതെന്നാണ് പ്രചരിക്കുന്നത്. ഇതോടൊപ്പം അഞ്ചൽ പഞ്ചായത്തിലെ ഒരു അങ്കണവാടി ടീച്ചറുടെ വോയ്സ് മെസേജും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വിവരമറിഞ്ഞയുടൻ അഞ്ചൽ പൊലീസ് വ്യാപകമായ അന്വേഷണം നടത്തുകയുണ്ടായെങ്കിലും തുമ്പൊന്നും കിട്ടിയില്ല.
ഊഹാപോഹങ്ങളാണെന്നും തട്ടിപ്പുകാരുടെ സി.സി.ടി.വി ദൃശങ്ങളെന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ ഉറവിടത്തെക്കുറിച്ചും അങ്കണവാടി ടീച്ചറുടെ വോയ്സ് മെസേജിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്. ജനങ്ങൾ അടിസ്ഥാനരഹിതമായ വാർത്തകൾ വിശ്വസിക്കരുതെന്നും സംശയാസ്പദമായ രീതിയിലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാലുടൻ പൊലീസിനെ ബന്ധപ്പെടണമെന്നും സമൂഹമാധ്യമങ്ങൾ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ വിശ്വസിക്കരുതെന്നും അഞ്ചൽ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.