അമിതവേഗവും അശ്രദ്ധയും തകർത്തത് കുടുംബത്തിന്റെ ഉപജീവനം
text_fieldsഅഞ്ചല്‍: ഇരുചക്രവാഹനങ്ങളിൽ യുവാക്കളുടെ അഭ്യാസപ്രകടനങ്ങളും അമിത വേഗവും അശ്രദ്ധയും ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്റെ ഉപജീവനമാര്‍ഗം. കഴിഞ്ഞദിവസം വൈകീട്ടോടെയാണ് പുത്തയം തൈക്കാവ് മുക്കില്‍ വാടകക്ക് താമസിക്കുന്ന ഭാരതീപുരം തുമ്പോട് സരസ്വതിവിലാസത്തില്‍ അജിത് കുമാര്‍ ഓടിച്ചിരുന്ന ഓട്ടോയില്‍ അമിതവേഗത്തില്‍ എത്തിയ സ്കൂട്ടര്‍ ഇടിച്ചത്.
അലയമണ്‍ സ്കൂളിനും ഓഡിറ്റോറിയത്തിനുമിടയിലായിരുന്നു അപകടം. അജിത്തിന്റെ ഭാര്യ ശ്രീകലയും ഈ സമയം ഓട്ടോയില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അജിത്തിന് തലക്കും കാലിനും കൈകള്‍ക്കും പരിക്കുണ്ട്. ശരീരഭാഗങ്ങളില്‍ ചതവും സംഭവിച്ചിട്ടുണ്ട്. ശ്രീകലക്ക് കാൽമുട്ടുകള്‍ക്ക് ചതവ് സംഭവിച്ചു. അമിതവേഗത്തില്‍ എത്തിയ സ്കൂട്ടറിനെ വെട്ടിച്ചുമാട്ടാന് ശ്രമിക്കുമുമ്പേ ഓട്ടോയിൽ ഇടിച്ചുകയറിയതായി അജിത്ത്കുമാറും ശ്രീകലയും പറയുന്നു. അപകടത്തില്‍ സ്കൂട്ടര്‍യാത്രക്കാരായ യുവാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരിലൊരാള്‍ മുമ്പും ഇരുചക്രവാഹനം ഓടിച്ച് അപകടത്തിൽപെട്ടയാളാണ്.
ഓട്ടോറിക്ഷക്ക് സാരമായ തകരാര്‍ സംഭവിച്ചതോടെ അജിത്തിന്റെ വരുമാനമാര്ഗംതന്നെ ഇല്ലാതായിരിക്കുകയാണ്. അമിത വേഗത്തില്‍ അപകടം ഉണ്ടാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഏതാനും നാൾ മുമ്പ് ഇവിടെ മൂന്ന് യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അമിത വേഗതയിൽ കാറിൽ ഇടിച്ചതിനെത്തുടർന്ന് ഒരാൾ മരിക്കുകയും മറ്റുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.