റോഡ് റോളര്‍ ഇടിച്ചുതകര്‍ന്ന വീട് പുനര്‍നിര്‍മിച്ചില്ല; വയോധിക ദുരിതത്തിൽ
text_fieldsഅഞ്ചല്‍: നിയന്ത്രണം വിട്ട് ഉരുണ്ടുവന്ന റോഡ് റോളർ ഇടിച്ച് തകർന്ന വീട് പുനർനിർമിക്കാത്തതിനെതിെര വീട്ടുടമയായ വയോധിക പൊലീസിൽ പരാതി നൽകി. ഏരൂര്‍ ഇളവറാംകുഴി നിരപ്പില്വീട്ടില് എഴുപതുകാരി ഫാത്തിമയുടെ വീടാണ് തകര്‍ന്നത്. ഡിസംബർ 20നായിരുന്നു കേസിനാസ്പദമായ സംഭവം.
വീട് പൂര്‍വസ്ഥിതിയിലാക്കും എന്ന റോഡ് റോളര്‍ ഉടമ അയിലറ സ്വദേശി സുരേന്ദ്രന്‍പിള്ളയുടെ ഉറപ്പിന്മേല് റോഡ് റോളര്‍ ജെ.സി.ബികളുടെ സഹായത്തോടെ അന്ന് സ്ഥലത്തുനിന്ന് കൊണ്ടുപോയി. എന്നാല്‍ ഒരുമാസത്തോളമായിട്ടും ഫാത്തിമയുടെ വീട് അറ്റകുറ്റപ്പണി നടത്തി പൂര്‍വസ്ഥിതിയിലാക്കാന്‍ ഒരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
വീട് മേല്‍ക്കൂര ഉള്‍പ്പടെ പൂര്‍ണമായും തകര്‍ന്നതോടെ ഫാത്തിമ ബന്ധുവീട്ടിലാണ് അന്തിയുറങ്ങുന്നത്. ഷീറ്റ് ഇട്ടുനല്കാമെന്നും തകര്‍ന്ന ഭിത്തികള്‍ പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നുമാണ് റോഡ് റോളര്‍ ഉടമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ ഓടുമേല്ക്കൂരയുള്ള ഭാഗത്ത് അതുതന്നെ വേണമെന്ന് വീട്ടുടമ പറയുന്നു.
രണ്ടാഴ്ചക്കകം വീട് നിര്‍മിച്ചുനല്‍കുമെന്നാണ് റോഡ് റോളർ ഉടമ പൊലീസ് സ്റ്റേഷനില്‍ എഴുതി ഉറപ്പുനല്‍കിയത്. ഫാത്തിമ തൊഴിലുറപ്പിനും മറ്റും പോയി ലഭിക്കുന്ന വരുമാനത്തിലാണ് ജീവിതം തള്ളിനീക്കുന്നത്.
തന്റെ ദുരിതാവസ്ഥ ഗ്രാമപഞ്ചായത്തംഗം ഉള്‍പ്പടെയുള്ളവരോട് പറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
അപകടത്തിനിടയാക്കിയ റോഡ് റോളര്‍ ഉടയുടെ സ്വാധീനത്തിന് വഴങ്ങിയാണ് തനിക്ക് നീതി ലഭിക്കാത്തതെന്നും ഇവർ പറയുന്നു.
വീടിനുമുകളിലേക്ക് വീണ വൈദ്യുതി പോസ്റ്റ് നീക്കം ചെയ്യാന്‍ കെ.എസ്.ഇ.ബിയും തയാറായിട്ടില്ല. മന്ത്രി കെ.ബി. ഗണേഷ്കുമാര്, പുനലൂര്‍ ഡി.വൈ.എസ്.പി എന്നിവര്‍ക്കും ഫാത്തിമ പരാതി നല്‍കിയിട്ടുണ്ട്.
മനുഷ്യാവകാശ കമീഷന് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം അശ്രദ്ധമായി റോഡ് റോളര്‍ ഓടിച്ച ഓപറേറ്റര്‍ക്കെതിരെ കേസെടുത്തിട്ടുെണ്ടന്ന് ഏരൂര്‍ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.