അന്തേവാസിയെ തല്ലിയ സ്ഥാപനത്തിെൻറ പേര് മാറ്റി
text_fieldsഅഞ്ചൽ: പനയഞ്ചേരിയിലെ വിവാദമായ സ്നേഹാലയത്തിെൻറ നിലവിലെ പേര് മാറ്റി പുതിയ പേര് സ്ഥാപിച്ചു. 'അർപ്പിത സ്നേഹാലയം' എന്നായിരുന്നു പഴയ പേര്. കഴിഞ്ഞ ദിവസം ഇത് 'അർപ്പിത ആശ്രയകേന്ദ്രം' എന്നാക്കി മാറ്റി. അന്തേവാസിയെ സ്ഥാപന സെക്രട്ടറി ചൂരൽ കമ്പ് കൊണ്ട് അടിച്ചുവെന്നതിനെപ്പറ്റിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെയാണ് പേരുമാറ്റലും നടന്നിരിക്കുന്നത്. അന്തേവാസിയെ അടിക്കുന്നതായ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ്, സാമൂഹിക നീതി വകുപ്പ് , മനുഷ്യാവകാശ കമീഷൻ എന്നിവ സ്വമേധയാ നടപടിയെടുത്തിരിക്കുകയാണ്. കൊല്ലം റൂറൽ എസ്.പി കെ.ബി. രവി, ജില്ല സാമൂഹിക നീതി വകുപ്പ് ഓഫിസർ കെ.കെ. ഉഷ, പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം പുനലൂർ സോമരാജൻ മുതലായവർ കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തി വിവരശേഖരണം നടത്തി. സ്ഥാപന നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടെന്നും സ്ഥാപന നടത്തിപ്പിനുള്ള രജിസ്ട്രേഷനോ റെക്കോഡ്സോ മറ്റ് നിയമപരമായ അംഗീകാരമോ ഉള്ളതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും രേഖകൾ പരിശോധിച്ചു വരികയാണെന്നും കെ.കെ. ഉഷ വ്യക്തമാക്കി.
അതേസമയം നിയമപരമായ അംഗീകാരത്തോട് കൂടിയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് സെക്രട്ടറി ടി. സജീവൻ അവകാശപ്പെട്ടു. സാമ്പത്തിക ക്രമക്കേടിെൻറ പേരിൽ ചിലരെ സ്ഥാപനത്തിൽനിന്ന് പിരിച്ചുവിട്ടിരുന്നു. അവരിൽപെട്ട ഒരു മുൻ ജീവനക്കാരനാണ് വിഡിയോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നും സെക്രട്ടറി ആരോപിച്ചു. അർപ്പിത ആശ്രയകേന്ദ്രം എന്നാണ് സ്ഥാപനത്തിെൻറ ശരിക്കുള്ള പേരെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.