ഓലിയരുക് വിനോദസഞ്ചാര പദ്ധതി പൂർത്തിയാകുന്നു
text_fieldsഅഞ്ചൽ: അഞ്ചലിലെ ‘മിനി കുറ്റാലം’ എന്നറിയപ്പെടുന്ന ഏരൂർ ഗ്രാമപഞ്ചായത്തിലെ ആർച്ചൽ ഓലിയരുക് വെള്ളച്ചാട്ടം ടൂറിസം വികസന പദ്ധതി പൂർത്തികരണത്തിലേക്ക്. അമിനിറ്റി സെന്ററിന്റെ നിർമാണം പൂർത്തീകരിച്ചു. വിശാലമായ ഹാൾ, ഓഫിസ്, സിറ്റൗട്ട്, അടുക്കള, ഡൈനിങ് ഹാൾ, സ്റ്റോർ റൂം, ടോയ്ലറ്റ് ബ്ലോക്ക് അടക്കമുള്ള ആധുനിക സൗകര്യങ്ങൾ സെന്ററിൽ ഒരുക്കി. ഗ്രാമപഞ്ചായത്ത് രണ്ടു ഘട്ടങ്ങളിലായി 25 ലക്ഷം രൂപ അനുവദിച്ചു.
വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന തോടിന്റെ വശങ്ങൾ കെട്ടി ബലപ്പെടുത്തുകയും, സംരക്ഷണ വേലിയും പടവുകളും സ്ഥാപിക്കുകയും ചെയ്തു. മഴക്കാലമായതിനാൽ സമൃദ്ധമായ വെള്ളച്ചാട്ടം കാണുന്നതിനു നിരവധി പേർ ഇപ്പോൾ സന്ദർശനം നടത്താറുണ്ട്.
അഞ്ചൽ-പുനലൂർ പാതയിൽ മാവിളയിൽനിന്നു നാലു കിലോമീറ്റർ ഉള്ളിലായി ഏരൂർ ഗ്രാമപഞ്ചായത്തിലെ ആർച്ചൽ ഒന്നാം വാർഡിലായാണ് ഓലിയരുക് വെള്ളച്ചാട്ടം. പാലരുവി, കുംഭാവുരുട്ടി, കുറ്റാലം എന്നിവയോടൊപ്പം ഓലിയരുകിന്റെ ടൂറിസം സാധ്യതകൾ കൂടി വികസിപ്പിച്ച് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ പഞ്ചായത്ത് തലത്തിൽ നടത്തിയ ചർച്ചയുടെ ശ്രമഫലമായാണ് പദ്ധതി നടപ്പാക്കുന്നത്.
അഞ്ചു വർഷത്തോളമായി നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നതാണ്. പി.എസ്. സുപാൽ എം.എൽ.എ, ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ എന്നിവർ മന്ത്രി പി.എ. മുഹമ്മദ് റിയാസുമായും ടൂറിസം ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചകളെത്തുടർന്നാണ് പദ്ധതി പുനർജീവൻ വെച്ചത്. ഏതാനും ദിവസങ്ങൾക്കകം പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.