മഴ ശക്തം; ഏറം ജങ്ഷൻ മുങ്ങി, റോഡുകൾ തോടായി
text_fieldsഅഞ്ചൽ: രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിലായി. തോടുകളും വയലുകളും നിറഞ്ഞൊഴുകുകയാണ്. അഞ്ചൽ പഞ്ചായത്തിലെ ഏറം ജംഗ്ഷൻ വെള്ളത്തിൽ മുങ്ങി. അഞ്ചൽ കോളച്ചിറ ഏലാ റോഡ് തോടായി. പുനർനിർമാണം നടക്കുന്ന അഞ്ചൽ-ആയൂർ പാതയിൽ വട്ടമൺ പാലത്തിന് സമീപത്തെ മണ്ണ് വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ആലഞ്ചേരി ഭാഗത്ത് വയലിൽ കൃഷിപ്പണിക്ക് ഉപയോഗിച്ച ട്രാക്ടർ മുങ്ങി. ഏലാകൾക്ക് സമീപമുള്ള റോഡുകൾ പലതും തകർന്നിട്ടുണ്ട്.
സംരക്ഷണഭിത്തി തകർന്നു
പുനലൂർ: ശക്തമായ മഴയിൽ ചിറയുടെ സംരക്ഷണഭിത്തി തകർന്നു. കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പ് പുതുവീട്ടിൽ ചിറയുടെ ഭിത്തിയാണ് ഒരു വശം പൂർണമായും തകർന്നത്. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ചിറയുടെ ചുറ്റും അടുത്തകാലത്താണ് ജില്ല പഞ്ചായത്ത് ഫണ്ടുപയോഗിച്ച് സംരക്ഷണഭിത്തി നിർമിച്ചത്.
ചളിക്കളമായി തടിക്കാട്-പി.എച്ച്.സി റോഡ്
അഞ്ചൽ: മഴ ശക്തമായതോടെ തടിക്കാട്-പി.എച്ച്.സി റോഡ് ചളിക്കളമായി. ഇതോടെ നൂറുകണക്കിന് യാത്രക്കാരും പരിസരവാസികളും ദുരിതത്തിൽ. ഇരുചക്ര-മുച്ചക്ര വാഹനങ്ങൾക്ക് കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടുകയാണ്. രോഗികളും ജീവനക്കാരും റോഡിലെ ചളിവെള്ളത്തിലൂടെ വേണം പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്താൻ.
റോഡരികിൽ മതിലിനോട് ചേർന്ന് നാട്ടുകാർ ഇട്ട കല്ലുകളിൽ ചവിട്ടിയാണ് ഇപ്പോഴത്തെ കാൽനടയാത്ര. പാത അടിയന്തരപ്രാധാന്യത്തോടെ നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് അധികൃതർ തുടരുന്ന നിസ്സംഗതയിൽ പ്രതിഷേധം ശക്തമാണ്.
ക്ഷേത്രത്തിൽ വെള്ളം കയറി
പുനലൂർ: ശക്തമായ മഴയിൽ തോട്ടിൽനിന്ന് വെള്ളം കയറി ക്ഷേത്രത്തിലുൾപ്പെടെ നാശനഷ്ടം. ബുധനാഴ്ച വൈകീട്ട് പെയ്ത മഴയിൽ പാണയം ശ്രീമഹാദേവർ ക്ഷേത്രത്തിലാണ് വെള്ളം കയറിയത്. ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം വെള്ളമായി. ഇവിടെയുണ്ടായിരുന്ന മൈക്ക് സെറ്റ് ഉൾപ്പെടെ സാധനങ്ങൾ നശിച്ചു. സമീപത്തെ തോട്ടിൽ വെള്ളം ഉയർന്ന് പരിസരപ്രദേശങ്ങളിലേക്ക് രാത്രിയോടെ ഇരച്ചുകയറുകയായിരുന്നു.
കല്ലട ജലസേചന പദ്ധതിയുടെ ഇടതുകര മെയിൻ കനാലിൽ ചക്കിയറ ഭാഗത്ത് തോടിന്റെ വശം തകർന്നിടത്തുകൂടിയാണ് തോട്ടിലേക്ക് അമിതമായി വെള്ളമെത്തുന്നത്. മൂന്നു വർഷം മുമ്പും ഇതേ നിലയിൽ തോട്ടിലൂടെ വെള്ളമെത്തി പാണയത്തും പരിസരത്തും വലിയ നാശം വരുത്തിയിരുന്നു. തോടിന്റെ വശം കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം ഭാരവാഹികളടക്കം കെ.ഐ.പി അധികൃതർക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ല.
കുളത്തൂപ്പുഴയിലെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍
കുളത്തൂപ്പുഴ: കനത്ത മഴയില്‍ കുളത്തൂപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മണിക്കൂറുകളോളം നിര്‍ത്താതെ പെയ്ത മഴയില്‍ വയലുകളും ചതുപ്പ് പ്രദേശങ്ങളും തോടുകളും നിറഞ്ഞു കവിഞ്ഞു. മലയോര ഹൈവേയുടെ ഭാഗമായ കുളത്തൂപ്പുഴ-അഞ്ചല്‍ പാതയില്‍ കൈതക്കാട് പൊരിയല് മുക്ക് ഭാഗത്ത് പാതയോരത്തുകൂടി കടന്നുപോകുന്ന തോട് കവിഞ്ഞൊഴുകി പാതയും തോടും തിരിച്ചറിയാത്ത അവസ്ഥയില്‍ മണിക്കൂറോളം പാത മറികടന്ന് വെള്ളം ഒഴുകി. രണ്ട് ദിവസങ്ങളിലായി പെയ്ത മഴയില്‍ വലിയേല, കാസിംപിള്ള കരിക്കം, കുമരംകരിക്കം തുടങ്ങിയ ഏലാപ്രദേശങ്ങളില് തോടുകള്‍ നിറഞ്ഞുകവിയുകയും സമീപത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറുകയും ചെയ്തു. കുമരംകരിക്കം ഭാഗത്തേക്കുള്ള പാതയും വയലേലയും പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി.
കാസിംപിള്ള കരിക്കത്ത് സമീപത്തായുള്ള നാലോളം വീടുകള്‍ വെള്ളക്കെട്ടിനുള്ളിലായതോടെ ഇവര്‍ ഒറ്റപ്പെട്ടു. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതരെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ജാഗ്രത നിര്‍ദേശങ്ങള്‍ നല്കി. സന്ധ്യയോടെ മഴ കുറഞ്ഞ് വെള്ളക്കെട്ടിന്റെ രൂക്ഷത കുറഞ്ഞതോടെയാണ് ആശ്വാസമായത്. ആദ്യകാലത്ത് കുളത്തൂപ്പുഴയിലെ തന്നെ ഏറ്റവും വലിയ പാടശേഖരമായിരുന്ന വലിയേല. ഇവിടം മുഴുവൻ നികത്തി കരയാക്കി മാറ്റി. ഇരുകരകളിലും തോടിന്റെ വീതിയും ആഴവും ഗണ്യമായി കുറയുകയും ചില സ്ഥലങ്ങളിൽ തോട് പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിലം കരയാക്കി മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ ഏക്കറുകണക്കിന് വയലുകളാണ് പഞ്ചായത്ത് പ്രദേശത്ത് മണ്ണിട്ട് നികത്തിയത്. ഇപ്പോഴും വ്യാപകമായി തുടരുന്ന നിലം നികത്തലുകളാണ് മഴ മാനത്തെത്തുമ്പോള് വെള്ളപ്പൊക്കത്തിനിടയാക്കുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.