ക്ഷേത്രത്തിൽ മോഷണം; യുവാവ് പിടിയിൽ
text_fieldsഅഞ്ചൽ: ക്ഷേത്ര ഓഫിസ് കുത്തിത്തുറന്ന് പണം മോഷ്ടിച്ചയാൾ മണിക്കൂറുകൾക്കകം പിടിയിൽ. മതുരപ്പ തിരുഅറയ്ക്കൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ വെള്ളായണി താന്നിവിള കല്ലടി ചമേല വീട്ടിൽ മനോജാണ് (36) പിടിയിലായത്. തിങ്കളാഴ്ച പുലർച്ച അഞ്ചോടെ ക്ഷേത്രത്തിന് മുന്നിലുള്ള റോഡിലൂടെ പ്രഭാതസവാരി നടത്തുകയായിരുന്ന സ്ത്രീയാണ് ക്ഷേത്ര മതിൽക്കെട്ടിനകത്ത് ആൾ നിൽക്കുന്നത് കണ്ടത്.
ക്ഷേത്രത്തിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാനെത്തിയ പ്രദേശവാസിയാണെന്ന് കരുതി പേര് വിളിച്ചതോടെ ഇയാൾ ഇറങ്ങിയോടി. സ്ത്രീ ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ എത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. സ്ഥലത്തെത്തിയ അഞ്ചൽ എസ്.ഐ പ്രജീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിലെയും പരിസര വീടുകളിലെയും നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച രാവിലെ 11.30ഓടെ പയഞ്ചേരി ക്ഷേത്രത്തിന് സമീപത്തുനിന്ന് മനോജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മതുരപ്പ തിരുഅറയ്ക്കൽ ക്ഷേത്ര ഓഫിസ് കുത്തിത്തുറന്ന നിലയിലും പൂജാസാധനങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലുമായിരുന്നു. മേശയിൽ സൂക്ഷിച്ചിരുന്ന 16,000
രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഏതാനും ദിവസം മുമ്പ് അഞ്ചലിന് സമീപം മാവിളയിലെ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. ഈ കേസുമായി മനോജിന് ബന്ധമുണ്ടോയെന്നതുൾപ്പെടെ വിശദമായ ചോദ്യംചെയ്യലിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.