ആളില്ലാത്ത വീടുകളിലെ മോഷണം ആയൂരിൽ തുടർക്കഥ
text_fieldsഅഞ്ചൽ: ആയൂർ പ്രദേശത്ത് ആളില്ലാത്ത വീടുകളിൽനിന്ന് സ്വർണവും വീട്ടുപകരണങ്ങളും മോഷ്ടിക്കപ്പെടുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം ആയൂർ നീറായിക്കോട്ട് അടച്ചിട്ടിരുന്ന വീട്ടിൽനിന്ന് എൽ.ഇ.ഡി ടി.വിയും പോർച്ചിലിരുന്ന ബൈക്കും മോഷണംപോയി. കതക് കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ ഫ്രിഡ്ജ്, മിക്സി എന്നിവ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമവും നടത്തി. ഇവിടത്തെ താമസക്കാരായ അധ്യാപക ദമ്പതികൾ വെളിയത്തെ ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു.
പിറ്റേന്ന് രാവിലെ കതക് തുറന്ന് കിടക്കുന്നതുകണ്ട അയൽവാസികളിലൊരാൾ സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസ്സിലായത്. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
ഒന്നരമാസം മുമ്പ് െഡയറി ഫാമിന് സമീപത്തെ പൊലീസുദ്യോഗസ്ഥെൻറ വീട്ടിലും സമാനമായ മോഷണം നടന്നു. പതിനഞ്ച് പവനോളം സ്വർണാഭരണങ്ങളാണ് ഇവിടെനിന്ന് അപഹരിക്കപ്പെട്ടത്. വീട്ടുടമയായ പൊലീസുദ്യോഗസ്ഥന് സ്ഥലം മാറ്റം ലഭിച്ചതിനെതുടർന്ന് ഏതാനും ദിവസം വീട് അടച്ചിട്ടിരുന്നതാണ്. ഇവർ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസ്സിലായത്.
വിരലടയാള വിദഗ്ധരുൾപ്പെടെയുള്ളവരെത്തി തെളിവ് ശേഖരിച്ചിരുന്നു. എന്നാൽ, മോഷ്ടാവിനെ ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഈ പ്രദേശത്ത് കോവിഡ് വ്യാപനത്തെതുടർന്ന് പലരും വീടുകൾ അടച്ചിട്ടശേഷം കുടുംബവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.
ഇത്തരം വീടുകളിലും മോഷണങ്ങൾ ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. ചടയമംഗലം പൊലീസിെൻറ നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.