ആശുപത്രി വികസനം തുടർനടപടിയുണ്ടായില്ല; ഭൂമി കാടുകയറി
text_fieldsഅഞ്ചൽ: കമ്യൂണിറ്റി ഹെൽത്ത് സെൻററിന്റെ നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഫാമിലി വെൽഫയർ സെൻററുകളുടെ വികസനത്തിനായി വിവിധ പ്രദേശങ്ങളിൽ ഭൂമി നൽകിയവർ നിരാശയിൽ. നാട്ടുകാർ പൊതുജനങ്ങളിൽനിന്നും പിരിവെടുത്ത് വാങ്ങിയ വസ്തു കാടുകയറി അനാഥമായി കിടക്കുകയാണിപ്പോൾ.
2021 ഡിസംബറിൽ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് ഒരു കോടി രൂപ വീതം അനുവദിച്ചുവെന്നും ആവശ്യമായ ഭൂമി സൗജന്യമായി സംഘടിപ്പിച്ച് നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് റസൂൽ പൂക്കുട്ടി ഫൗണ്ടേഷന്റെ പേരിലുള്ള അറിയിപ്പ് പഞ്ചായത്തുകൾക്ക് ലഭിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് ഭരണസമിതി ചർച്ച നടത്തുകയും നാട്ടുകാരുടെ സഹകരണത്തിൽ വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളോട് ചേർന്ന് വഴിയോടുകൂടി 30 സെൻറ് വീതം ഭൂമി വാങ്ങി അതത് പഞ്ചായത്തുകൾക്ക് കൈമാറുകയും ചെയ്തു. എന്നാൽ, ഈ നടപടിക്ക് ശേഷം മറ്റ് നീക്കങ്ങളൊന്നും നടന്നിട്ടില്ല.
എന്നാൽ, റസൂൽ പൂക്കുട്ടി ഫൗണ്ടേഷന്റേതായ ഒരു പ്രൊപ്പോസൽ 2021ൽ അഞ്ചൽ സി.എച്ച്.സിയിൽ ലഭിച്ചതായും ഇവ ജില്ല മെഡിക്കൽ ഓഫിസർക്ക് തുടർ നടപടികൾക്കായി സമർപ്പിച്ചിരിക്കുകയാണെന്നും മറ്റ് നടപടികളൊന്നുമില്ലെന്നാണ് അഞ്ചൽ സി.എച്ച്.സിയിൽനിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. വസ്തു വാങ്ങുന്നതിനും മറ്റും മുന്നിൽ നിന്ന ജനപ്രതിനിധികളെയും മറ്റ് പൊതു പ്രവർത്തകരെയും പിരിവ് നൽകിയ നാട്ടുകാർ ആക്ഷേപിക്കുന്ന സ്ഥിതിയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.