പൊളിക്കാൻ തീരുമാനിച്ച ഷോപ്പിങ് കോംപ്ലക്സിൽനിന്ന് ഒഴിയാതെ കച്ചവടക്കാർ
text_fieldsഅഞ്ചൽ: ബലക്ഷയം നേരിട്ടതിനെത്തുടർന്ന് പൊളിച്ചുനീക്കാൻ തീരുമാനിച്ച ഷോപ്പിങ് കോംപ്ലക്സിൽനിന്ന് ഒഴിയാതെ കച്ചവടക്കാർ. അഞ്ചൽ ആർ.ഒ ജങ്ഷനിലെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഇരുനില വ്യാപാരസമുച്ചയമാണ് പൊളിച്ചുമാറ്റുന്നതിന് തീരുമാനിക്കപ്പെട്ടത്. മേൽക്കൂരയിൽനിന്ന് സിമൻറ് അടർന്നുവീണും ചോർന്നൊലിച്ചും അപകടാവസ്ഥയിലായതിനെത്തുടർന്ന് വാടകയിൽ പ്രവർത്തിക്കുന്ന മുഴുവൻ വ്യാപാരികൾക്കും പഞ്ചായത്തധികൃതർ ഏതാനും മാസം മുമ്പ് ഒഴിയാൻ നോട്ടീസ് നൽകിയിരുന്നു. ഇതിനെത്തുടർന്ന് ഭൂരിഭാഗം വ്യാപാരികളും ഒഴിഞ്ഞു.
എന്നാൽ ഏതാനും വ്യാപാരികൾ ഇനിയും ഒഴിയാൻ കൂട്ടാക്കിയിട്ടില്ല. ഇതിനെത്തുടർന്ന് കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ പഞ്ചായത്ത് സെക്രട്ടറി കെ.എസ്.ഇ.ബി അധികൃതർക്ക് കത്ത് നൽകിയിരുന്നു. ഇതനുസരിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും രാഷ്ട്രീയ സമ്മർദം പുനഃസ്ഥാപിച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത കെട്ടിടത്തിലാണ് വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
ശക്തമായ രാഷ്ട്രീയ സമ്മർദം മൂലം പഞ്ചായത്ത് ഭരണസമിതിക്ക് ഇക്കാര്യത്തിൽ കർശന നിലപാടെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരു ദുരന്തമുണ്ടാകാതെ എത്രയും പെട്ടെന്ന് വ്യാപാര സമുച്ചയം പൊളിച്ചുനീക്കാനുള്ള അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.