ജനവാസമേഖലയിൽ കക്കൂസ് മാലിന്യമൊഴുക്കിയ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ
text_fieldsഅഞ്ചൽ: ഏരൂർ പഞ്ചായത്തിലെ രണ്ടേക്കർ മുക്കിന് സമീപം ജനവാസമേഖലയിൽ കക്കൂസ് മാലിന്യ മൊഴുക്കിയ സംഭവത്തിൽ രണ്ടുപേരെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലെത്തിയ അഭിഭാഷകനും വിവരമറിഞ്ഞെത്തിയ ജനപ്രതിനിധികളും തമ്മിൽ വാക്കേറ്റവും ഉണ്ടായി.
ടാങ്കർ ലോറിയുടമ ചേർത്തല തുറപ്പൻകുളങ്ങര ചമ്പക്കാട്ട് വീട്ടിൽ സിബിസ്റ്റൺ (42), ഡ്രൈവർ എഴുകോൺ ഇടയ്ക്കിടം കല്ലുവിളവീട്ടിൽ വിനോദ്(46) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പ് ദുർഗന്ധം അനുഭവപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് മാലിന്യമൊഴുക്കിയത് ശ്രദ്ധയിൽപെട്ടത്. നിരീക്ഷണ കാമറയിൽ പതിഞ്ഞ ടാങ്കർലോറിയുടെ ദൃശ്യങ്ങളെത്തുടർന്നുള്ള അന്വേഷണത്തിൽ വാഹനയുടമയെ പൊലീസ് തിരിച്ചറിഞ്ഞു.
ഇതേത്തുടർന്ന് പൊലീസിന്റെ നിർദേശപ്രകാരം ലോറിയുമായി ഡ്രൈവർ വിനോദ് ഏരൂർ പൊലീസ് സ്റ്റേഷനിലെത്തി. അൽപസമയത്തിന് ശേഷം വിനോദിനെ ജാമ്യത്തിലിറക്കാൻ അഭിഭാഷകനുമെത്തി. വിവരമറിഞ്ഞ് എത്തിയ ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ, വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈൻ ബാബു, അജിത് എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും ഡി.സി.സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ് എന്നിവരും വനിതകൾ ഉൾപ്പെടെയുള്ള നാട്ടുകാരും അഭിഭാഷകനും തമ്മിൽ ഏറെ നേരത്തെ വാക്കേറ്റവും സ്റ്റേഷൻവളപ്പിൽ പ്രതിഷേധവുമുണ്ടായി.
ഇതേത്തുടർന്ന് പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിടാതെ കോടതിയിൽ ഹാജരാക്കാമെന്ന് എസ്.എച്ച്.ഒ കെ.എസ്. അരുൺ നൽകിയ ഉറപ്പിന്മേലാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.