ഉത്ര വധക്കേസ്; മരണ ദിനത്തിലെ സംഭവങ്ങൾ സംശയാസ്പദം
text_fieldsകൊല്ലം: ഉത്ര വധക്കേസിൽ പ്രോസിക്യൂഷൻ വാദത്തിെൻറ ഭാഗമായി ചൊവ്വാഴ്ച ആറാം അഡീഷനൽ സെഷൻസ് ജഡ്ജി എം. മനോജ് മുമ്പാകെ ഏഴ് സാഹചര്യങ്ങൾകൂടി ഉന്നയിച്ചു.
സംഭവം നടന്ന 2020 മേയ് ഏഴിന് അതിരാവിലെ ഉണർന്ന സൂരജ് മരിച്ചുകിടന്ന ഉത്രയെ നോക്കാതെ പുറത്തിറങ്ങിയെന്നത് സംശയം ജനിപ്പിക്കുന്ന സംഭവമാണ്. അന്ന് ഉത്രയെ അഞ്ചൽ സെൻറ് ജോൺസ് ആശുപത്രിയിൽ കൊണ്ടുപോയശേഷം, ഡോ. ജീന ബദർ കാണുന്നതിനുമുമ്പ് കൈയിൽ കടിച്ച പാടുണ്ടെന്ന് പറഞ്ഞ് പുറത്തിറങ്ങിയതും മാതാപിതാക്കളോട് പാമ്പു കടിച്ചതാണെന്ന് പറഞ്ഞ് സൂരജ് വീട്ടിലേക്ക് പോയതും മരണം പാമ്പുകടി കൊണ്ടാണെന്ന് അറിയിക്കാനുള്ള വ്യഗ്രതയാണ് കാണിക്കുന്നത്.
ഉത്രയുടെ സേഹാദരനോടൊപ്പം വീട്ടിലെത്തിയ സൂരജ് കിടപ്പുമുറിക്ക് സമീപത്തെ മുറിയിലെ അലമാരക്കടിയിൽ പാമ്പുണ്ടെന്ന് കാണിച്ചുകൊടുത്തെങ്കിലും അതിനെ കാണുന്നതിനോ കൊല്ലുന്നതിനോ തയാറായില്ല. ഇതും കുറ്റകൃത്യത്തിലേക്ക് വിരൽ ചൂണ്ടുന്ന സാഹചര്യമാണ്.
ഉത്രയെ രണ്ടുപ്രാവശ്യം പാമ്പുകടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയിൽ ഉണ്ടായിരുന്നത്. രണ്ട് പ്രാവശ്യവും എന്താണ് സംഭവിച്ചതെന്ന് കോടതിയിൽ വിശദീകരിക്കാൻ തയാറായിട്ടില്ല.
പാമ്പിനെ കൊണ്ടുവന്ന കറുത്ത ഷോൾഡർ ബാഗ് തേൻറതല്ലെന്ന് വിചാരണവേളയിൽ പ്രതി സൂരജ് പറഞ്ഞത് ശക്തമായ സാഹചര്യമാണെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ബോധിപ്പിച്ചു. 2020 മേയ് ആറിനാണ് ഉത്രയുടെ വീട്ടിലേക്ക് സൂരജ് കറുത്ത ബാഗ് കൊണ്ടുവന്നത്. അന്ന് 11.30ന് ഇതേ ബാഗ് അണിഞ്ഞ് ഏഴംകുളം സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിൽനിന്ന് സൂരജ് പണം പിൻവലിക്കുന്ന വിഡിയോ ദൃശ്യം പ്രോസിക്യൂഷൻ കോടതിയിൽ പ്രദർശിപ്പിച്ചു. 2020 ഏപ്രിൽ 24ന് ചാവർകാവ് സുരേഷ് കൈമാറിയ പാമ്പിനെ ഇതേ ബാഗിലാണ് കൊണ്ടുപോയത്. 2020 മേയ് 20ന് മുഖ്യമന്ത്രിക്ക് പ്രതി അയച്ച പരാതിയിലെ വസ്തുതകൾപോലും ഇപ്പോൾ മാറ്റിപ്പറയുന്നതും പാമ്പു കടിയേറ്റദിവസം ഉത്രയുടെ കുഞ്ഞും മുറിയിലുണ്ടായിരുന്നെന്ന് പറയുന്നതും അപലപനീയമാണ്. ഉത്രക്ക് രണ്ടുപ്രാവശ്യം പാമ്പുകടിയേറ്റപ്പോഴും മയക്കുമരുന്നുകൾ നൽകിയിരുന്നെന്ന് ശാസ്ത്രീയ തെളിവുകളിലൂടെ വെളിവാകുന്നതായി സ്പെഷൽ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.