പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിക്കല്‍ കേന്ദ്രത്തിൽ വന്‍ തീപിടിത്തം
text_fieldsഅഞ്ചാലുംമൂട്: അഞ്ചാലുംമൂട്ടിലെ പഴയ ബ്ലോക്ക് ഓഫിസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിക്കല്‍ കേന്ദ്രത്തിൽ വന്‍ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചക്ക് 2.45നായിരുന്നു സംഭവം. കോര്പറേഷന് പരിധിയില്‍ നിന്നുംമറ്റും ഹരിതകര്‍മസേന അംഗങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യം പഴയ ബ്ലോക്ക് ഓഫിസ് കെട്ടിടത്തിലാണ് സൂക്ഷിക്കുന്നത്.
50 ടണ്‍ മാലിന്യമാണ് ഇവിടെയുണ്ടായിരുന്നത്. കെട്ടിടത്തിന് പിറകില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട പ്രദേശവാസികളാണ് അഞ്ചാലുംമൂട് പൊലീസിലും അഗ്നിരക്ഷസേനയിലും വിവരം അറിയിച്ചത്. തീപിടിത്തമുണ്ടായ കെട്ടിടത്തിന് തൊട്ടടുത്ത കെട്ടിടത്തില്‍ നാല് സ്ത്രീകള്‍ ജോലിചെയ്തിരുന്നു.
സമീപത്തെ സ്ഥാപനത്തിലെ ജീവനക്കാരെത്തി പുക ഉയരുന്നതായി അറിയിച്ചതിനെ തുടര്‍ന്ന് ഇവർ സുരക്ഷിത സ്ഥാനത്തേക്ക് മാറി. കെട്ടിടത്തിന്റെ പിന്‍വശത്ത് പ്ലാസ്റ്റിക് മാലിന്യവും അല്ലാത്തവയും ഒന്നിച്ച് ഇട്ടിരിക്കുകയായിരുന്നു. സമീപകെട്ടിടത്തിലെ ആരെങ്കിലും പുകവലിച്ച ശേഷം സിഗരറ്റ് കുറ്റിയോ സിഗരറ്റ് കത്തിച്ച തീകൊള്ളിയോ വലിച്ചെറിഞ്ഞതാകാം തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കെട്ടിടത്തിന് പിന്നിലെ മരച്ചുവട്ടില്‍ കത്തിയ തീ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടുതലുണ്ടായിരുന്നതിനാല്‍ പെട്ടെന്നാണ് സമീപത്തെ കെട്ടിടത്തിലേക്ക് പടര്‍ന്ന് ആളിക്കത്തിയത്. നാല് അഗ്നിരക്ഷസേന കേന്ദ്രങ്ങളിൽനിന്ന് ഏഴ് യൂനിറ്റുകളിലായി 50 ഫയര്മാന്മാര് ഒന്നരമണക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്.
പുക ശ്വസിച്ച നിരവധിപേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സമീപവാസിയെ ശ്വാസതടസ്സത്തെ തുടര്‍ന്ന് അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്മാന്മാരായ സുനില്‍, വിവേക്, ലിന്റു ദാസ് എന്നിവര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവര്‍ക്ക് ഉടന്‍ തന്നെ വൈദ്യസഹായം നല്കി. കെട്ടിടത്തിന് പിന്‍ഭാഗത്തെ ജനലുകള്‍ തകര്‍ക്കുകയും കെട്ടിടത്തിനുള്ളിലൂടെ കടന്നുമാണ് തീയണച്ചത്.
നാലോടെയാണ് തീയും പുകയും ശമിച്ചത്. പ്ലാസ്റ്റിക്ക് മാലിന്യത്തിൽ തീ ശേഷിക്കാനുള്ള സാധ്യതകാരണം ദീര്‍ഘനേരം പരിശോധന നടത്തിയ ശേഷമാണ് അഗ്നിരക്ഷസേന സംഘം മടങ്ങിയത്. തീയണച്ചശേഷവും അഞ്ചാലുംമൂട്ടിലും പരിസരത്തും ഏറെനേരം കറുത്ത പുക പടര്‍ന്നിരുന്നു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അഗ്നിരക്ഷസേന കണക്കാക്കുന്നു.
ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് അടുത്തിടെയാണ് ഈ കെട്ടിടം കോര്പറേഷന് ഏറ്റെടുത്തത്. ഇവിടെ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്നത് സുരക്ഷ പ്രശ്നവും തീപിടിത്ത സാധ്യതയുണ്ടെന്നും കാണിച്ച് അഗ്നിശനസേന കോര്പറേഷന് മാസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാൽ, നടപടിയുണ്ടായില്ല. ജില്ല ഫയര്‍ ഓഫിസര്‍ വിസി വിശ്വനാഥ്, കടപ്പാക്കട സ്റ്റേഷന്‍ഓഫിസര്‍ ഡി. ബൈജു, ചാമക്കട സ്റ്റേഷന്‍ഓഫിസര്‍ സുരേഷ്കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ വിക്ടര്ദേവ്, കുണ്ടറ, ചാമക്കട നിലയങ്ങളിലെ അഗ്നിരക്ഷസേന ഉദ്യോഗസ്ഥര്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഞ്ചാലുംമൂട് പൊലീസ് ഗതാഗത ക്രമീകരണമുള്‍പ്പെടെ മേല്‍നടപടികള്‍ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.