കൊല്ലം ബൈപാസ് ഇരുട്ടിൽ; അപകടങ്ങൾ വർധിക്കുന്നു
text_fieldsഅഞ്ചാലുംമൂട്: തെരുവുവിളക്കുകൾ പ്രകാശിക്കാതെ കൂരിരുട്ടിലായ കൊല്ലം ബൈപാസ് വാഹനയാത്രികർക്ക് അപകടകേന്ദ്രമാകുന്നു. ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കേബിളുകൾ മാറ്റിയത് കാരണമാണ് വിളക്കുകൾ പ്രകാശിപ്പിക്കാത്തത്.
എന്നാൽ പകരം സംവിധാനം ഏർപ്പെടുത്തിട്ടില്ല. റോഡ് നിർമാണം തന്നെ വലിയ അപകടം വരുത്തുന്ന കാഴ്ചയാണ് ബൈപാസിലുള്ളത്. നിർമാണത്തിന്റെ ഭാഗമായ യന്ത്രങ്ങളും വാഹനങ്ങളും ബൈപാസിന്റെ വശങ്ങളിലാണ് നിർത്തിയിട്ടിരിക്കുന്നത്. ഈ പ്രദേശത്തെങ്കിലും വിളക്കുകളോ പകരം സംവിധാനങ്ങളോ സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. ഒരുവിധ സുരക്ഷാ മുൻകരുതലിനും നിർമാണ കരാറുകാരും തയാറാകുന്നില്ല.
വെളിച്ചം ഇല്ലാത്തതിനാൽ ഇടറോഡുകളിൽ നിന്ന് വരുന്ന യാത്രക്കാരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. പല സ്ഥലങ്ങളിലും റോഡിന്റെ ഭാഗത്ത് താൽക്കാലിക ഡിവൈഡർ െവച്ചിരിക്കുന്നതും ഇരുട്ടിൽ കാണാൻ കഴിയാത്ത അവസ്ഥയാണ്. രണ്ടാഴ്ചക്കിടയിൽ അഞ്ചോളം അപകടങ്ങളാണ് ബൈപാസിന്റെ വിവിധ ഭാഗങ്ങളിൽ നടന്നത്. ജങ്ഷനുകളിൽ പലയിടത്തും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയും ഇപ്പോൾ പ്രകാശിക്കുന്നില്ല.
പ്രവർത്തനം നിർത്തിയതോടെ ടോൾ പ്ലാസയുടെ ഭാഗവും ഇരുട്ടിലാണ്. തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുന്നതുവരെ പകരംസംവിധാനത്തിന് അധികാരികൾ തയാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ജനപ്രതിനിധികളും വിഷയത്തിൽ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.