കടവൂരില്‍ കുടിവെള്ളക്ഷാമം രൂക്ഷം
text_fieldsഅഞ്ചാലുംമൂട്: കത്തുന്ന മീനച്ചൂടില്‍ കടവൂരിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷം. കടവൂര്‍ ഡിവിഷനിലെ സി.കെ.പി. പത്തനാവില്, റേഷന്‍കട, പുത്തന്‍വിള, ചാമയില്‍ ഭാഗം എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ കിണറുകളെല്ലാം വറ്റിവരണ്ട അവസ്ഥയിലാണ്.
വേനല്‍കാലത്ത് ഇവരുടെ ഏക ആശ്രയം പ്രദേശത്തെ ഏക പമ്പ് ഹൗസില്‍നിന്ന് ലഭിക്കുന്ന കുടിവെള്ളമായിരുന്നു. എന്നാല്‍, വെള്ളമെത്തിക്കുന്ന പരപ്പത്ത് പമ്പ് ഹൗസിലെ കുഴല്‍ കിണറിന്റെ അടിഭാഗം തകര്‍ന്നതോടെ ഉപഭോക്താക്കള്‍ക്ക് വെള്ളം കിട്ടാതെയായി. വേനല്‍ക്കാലങ്ങളില്‍ പമ്പ് ഹൗസിലെ കുഴല്‍ക്കിണറിന്റെ മോട്ടോര്‍ താഴ്ത്തി വെള്ളം പമ്പുചെയ്ത് വെള്ളമെത്തിക്കുന്നതായിരുന്നു രീതി.
ഇതിനിടയിലാണ് കുഴല്‍ക്കിണറിന്റെ അടിഭാഗത്തെ പൈപ്പ് പൊട്ടിയത്. ഇതോടെ, പമ്പില്‍ ചളി അടിയാനുള്ള സാധ്യത മുന്നില്‍കണ്ട് നിശ്ചിത പരിധിക്കപ്പുറത്ത് മോട്ടോര്‍ താഴ്ത്തി പമ്പ് ചെയ്യാനാകാത്ത സ്ഥിതിയായി. തുടര്‍ന്ന്, കിണറില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ജലനിരപ്പ് ഉയര്‍ന്നാല്‍ പഴയപോലെ പമ്പിങ് നടത്താമെങ്കിലും കടുത്ത വേനല്‍ക്കാലത്ത് കിണര്‍ ഉപയോഗിക്കാനാകാത്ത നിലയിലാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ എം.എല്‍.എ ഫണ്ടില്‍നിന്ന് പുതിയ കുഴല്‍ക്കിണറിന് തുക അനുവദിക്കുകയും ചെയ്തു. എന്നാല്‍, പലതവണ ടെൻഡര്‍ നടപടികള്‍ നടന്നെങ്കിലും നിര്‍മാണം ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വന്നില്ല. ഒടുവില്‍ ടെൻഡറെടുക്കാന്‍ ഒരുകമ്പനി എത്തിയെങ്കിലും അവർ കുഴൽ കിണർ നിര്‍മാണം ഇതുവരെ ആരംഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.