ഡി.ടി.പി.സി കൗണ്ടർ: സാമ്പ്രാണിക്കോടിക്ക് താൽക്കാലിക പൂട്ട് വീണിട്ട് രണ്ടുദിവസം
text_fieldsഅഞ്ചാലുംമൂട്: പുതിയ കൗണ്ടർ തുടങ്ങുന്നതിൽ പ്രതിഷേധമുയർന്നതോടെ സാമ്പ്രാണിക്കോടി ടൂറിസം ബോട്ട് സർവിസ് താൽക്കാലികമായി നിർത്തിയിട്ട് രണ്ട് ദിവസം. ബോട്ടുകൾ സർവിസ് നിർത്തിയതോടെ സാമ്പ്രാണിക്കോടി തുരുത്ത് അടഞ്ഞുകിടക്കുന്ന വകയിൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.
ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ നടക്കുന്ന സാമ്പ്രാണിക്കോടി ടൂറിസം പദ്ധതിയിൽ ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് എത്തിയിരുന്നത്. 52 സ്വകാര്യ ബോട്ടുകൾക്കാണ് തുരുത്തിൽ സഞ്ചരിക്കാൻ അനുവാദം നൽകിയിരുന്നത്. കരയിൽനിന്ന് ഇവയിലാണ് സഞ്ചാരികളെ തുരുത്തിലേക്ക് എത്തിക്കുന്നത്. സാമ്പ്രാണിക്കോടി ഡി.ടി.പി.സി സെന്ററിൽ നിന്നാണ് സഞ്ചാരികളെ തുരുത്തിലേക്ക് ബോട്ടുകൾ കൊണ്ടുപോകുന്നത്.
സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ സാമ്പ്രാണിക്കോടിയിലെ തിരക്കൊഴിവാക്കുന്നതിന് പ്രാക്കുളം മണലിൽ ഭാഗത്ത് കൗണ്ടർ ആരംഭിക്കാൻ ഡി.ടി.പി.സി തീരുമാനിച്ചതാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. ചൊവ്വാഴ്ച മണലിൽ ഭാഗത്തെ കൗണ്ടർ തുറന്ന് രണ്ട്ബോട്ടുകൾ സഞ്ചാരികളുമായി തുരുത്തിൽ എത്തിയെങ്കിലും ആളുകളെ ഇറക്കാൻ അനുവദിക്കാതെ നിലവിലെ സർവിസ് നടത്തിയിരുന്നവർ മടക്കി അയച്ചു. തുടർന്ന് അഞ്ചാലുംമൂട് പൊലീസിന്റെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ, പൊലീസ് ബോട്ട് സർവിസ് നിർത്തിവെപ്പിക്കുകയായിരുന്നു.
നിരന്തരം ബോട്ട് സർവിസുമായി ബന്ധപ്പെട്ടുയരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാമ്പ്രാണിക്കോടി തുരുത്തിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ ഓൺലൈൻ ആക്കണമെന്ന ആവശ്യവുമുണ്ട്. ടിക്കറ്റ് ഓൺലൈനാക്കുന്നതോടെ സന്ദർശകരെ കൃത്യമായി രണ്ട് കൗണ്ടറിലേക്ക് വിഭജിച്ചുവിടാനാകും. ടിക്കറ്റിൽ രേഖപ്പെടുത്തുന്ന കൗണ്ടറിൽ സന്ദർശകർ എത്തുകയും അവിടെനിന്നുള്ള ബോട്ടുകൾ സന്ദർശകരെ തുരുത്തിലെത്തിച്ച് തിരികെ കൊണ്ടുവരുന്നതോടെ കൗണ്ടറിൽ എത്തുന്നവരുടെ എണ്ണത്തിൽ തുല്യത വരുത്താൻ സാധിക്കും. അതിനാൽ സന്ദർശകർ എണ്ണത്തിന്റെ പേരിൽ തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാവുകയില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. വെള്ളിയാഴ്ച കലക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ വിഷയം ഒത്തുതീർപ്പായാലേ ബോട്ട് സർവിസ് ആരംഭിച്ച് തുരുത്ത് വീണ്ടും തുറക്കാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.