മുഹ്സിനയുടെ പുസ്തകങ്ങൾ ഇനി നനയില്ല
text_fieldsഅഞ്ചാലുംമൂട്: നനഞ്ഞ പുസ്തകങ്ങളും വസ്ത്രങ്ങളുമായി സ്കൂളിലെത്തി ടീച്ചറോട് സഹായമഭ്യർഥിച്ച ഏഴാം ക്ലാസുകാരി മുഹ്സിനക്ക് ശനിയാഴ്ച സ്വപ്നസാക്ഷാത്കാരത്തിന്റെ ദിനം. കഴിഞ്ഞ ആഗസ്റ്റിൽ പെയ്ത കനത്ത മഴയിലാണ് പ്രാക്കുളം ഫ്രണ്ട്സ് ക്ലബിനു സമീപം കാർഡ്ബോർഡ് കൊണ്ട് മറച്ച മുഹ്സിനയുടെ വീട് ചോർന്നൊലിച്ചത്. കുട്ടിയും ഉമ്മയുമുൾപ്പെടെ എട്ട് പേരാണിവിടെ കഴിഞ്ഞിരുന്നത്. സ്കൂളിൽ ക്ലാസില്ലാതിരുന്ന ആ ദിനങ്ങളിൽ നനഞ്ഞ പുസ്തകങ്ങളുമായി സ്കൂളിലേക്കെത്തിയ കുട്ടി അധ്യാപികയോടാണ് തന്റെ ദുരിതം പങ്കുവെച്ചത്. വസ്ത്രവും ബുക്കും നനയാതിരിക്കാൻ ഒരു മുറിയുള്ള വീട് ശരിയാക്കിത്തരുമോ എന്നാണ് അധ്യാപികയായ ഗീതയോട് ചോദിച്ചത്.
കോവിഡ് സമയമായതിനാൽ ആദ്യം മുഖ്യമന്ത്രിയുടെ ഓഫിസിൽ വിളിച്ച് മുഹ്സിന കാര്യം പറഞ്ഞെങ്കിലും തൃക്കരുവ പഞ്ചായത്തിനെ സമീപിക്കാനായിരുന്നു മറുപടി. മുഹ്സിനയുടെ മാതാവ് സജീനയുടെ പിതാവിന് 10 വർഷം മുമ്പ് പഞ്ചായത്തിന്റെ തദ്ദേശ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ച് നൽകിയിരുന്നു. ഈ വീട് സജീനയുടെ സഹോദരിയുടെ വിവാഹത്തിനായി വിറ്റു. പിന്നീട് ഇവർക്കുണ്ടായിരുന്ന മൂന്നര സെന്റ് വസ്തു സമീപത്തെ സഹകരണ ബാങ്കിൽ പണയത്തിലായതോടെ വീട് അനുവദിക്കാനാകില്ലെന്ന മറുപടിയാണ് പഞ്ചായത്തിൽനിന്ന് ലഭിച്ചത്. തുടർന്നാണ് അധ്യാപിക ഇക്കാര്യം കരുനാഗപ്പള്ളിയിലെ സ്നേഹസേന ചുമതലക്കാരൻ അനിൽ മുഹമ്മദിന്റെ ശ്രദ്ധയിൽപെടുത്തിയത്. അദ്ദേഹം ദുബൈയിലെ വ്യവസായിയുടെ സഹായത്തോടെയാണ് ഏഴു ലക്ഷം രൂപ ചെലവിൽ വീട് യാഥാർഥ്യമാക്കിയത്. രണ്ടു മുറിയും സിറ്റൗട്ടും അടുക്കളയുമുൾപ്പെടെയുള്ള 580 സ്ക്വയർഫീറ്റ് വീടാണ് നിർമിച്ചത്.
വീടിന്റെ താക്കോൽദാന ചടങ്ങ് ശനിയാഴ്ച രാവിലെ 11ന് പ്രാക്കുളത്ത് നടക്കും. സി.ആർ. മഹേഷ് എം.എൽ.എ താക്കോൽദാന കർമം നിർവഹിക്കും. കെ.ആർ.ഡി.എ ചെയർമാൻ എം. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിക്കും. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, എസ്.എൽ. സജികുമാർ, ഡോ. അനിൽ മുഹമ്മദ്, ഷാജഹാൻ രാജധാനി, കൈതവനത്തറ ശങ്കരൻകുട്ടി, അഡ്വ. ജി.വി. ഉണ്ണിത്താൻ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.