പെരുമൺ-പേഴുംതുരുത്ത് പാലം നിർമാണം ഉടൻ
text_fieldsഅഞ്ചാലുംമൂട്: പെരുമൺ-പേഴുംതുരുത്ത് നിവാസികളുടെ ദീർഘകാലത്തെ സ്വപ്നമായ പെരുമൺ-പേഴുംതുരുത്ത് പാലം നിർമാണം ഉടൻ ആരംഭിക്കും. പെരുമൺ പാലം നിർമിക്കുന്നതിന് കരാറുകാരായ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി (സി.വി.സി.സി) നൽകിയ ടെൻഡറിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. മൂന്നുതവണ ടെൻഡർ നൽകിയതിന് ശേഷമാണിത്. ആദ്യം ജോസഫ് ആൻഡ് സൺസ് പ്രൈവറ്റ് ലിമിറ്റഡാണ് കരാർ ഏറ്റെടുത്തെതങ്കിലും പണികൾ ആരംഭിച്ചിരുന്നില്ല.
പാലത്തിെൻറ അടങ്കൽ തുകയുടെ 12.5 ശതമാനം വർധന കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇത് അധികൃതർ അംഗീകരിച്ചില്ല. ഈ ടെൻഡർ ഉപേക്ഷിച്ച് പുതിയത് വിളിക്കുന്നതിന് കാലതാമസവും സാമ്പത്തികനഷ്ടവും ഉണ്ടാവുമെന്നതിനാൽ രണ്ടാമത് കരാർ നൽകിയ സി.വി.സി.സിക്ക് നൽകുകയായിരുന്നു. 42.52 കോടി രൂപയാണ് കരാറിലുള്ളത്. വി.എസ്. അച്യുതാനന്ദൻ സർക്കാറിെൻറ അവസാനനാളുകളിൽ പാലത്തിെൻറ പണിയുമായി ബന്ധപ്പെട്ട് ശില ഇട്ടെങ്കിലും ഉമ്മൻ ചാണ്ടി സർക്കാർ സാമ്പത്തികബാധ്യതയുടെ പേരിൽ മാറ്റിവെക്കുകയായിരുന്നു. ഇപ്പോൾ എം. മുകേഷ് എം.എൽ.എയാണ് മുൻകൈയെടുത്ത് പാലം നിർമാണത്തിനുള്ള നടപടികൾ പുനരുജ്ജീവിപ്പിച്ചത്.
പാലം യാഥാർഥ്യമാകുന്നതോടെ കൊല്ലം, കുന്നത്തൂർ താലൂക്കുകളുടെ വികസനവും മൺറോതുരുത്ത്, പനയം നിവാസികളുടെ ചിരകാലസ്വപ്നവും സാധ്യമാകും. 435 മീറ്റർ നീളത്തിൽ സ്പാനുകളോടെ നിർമിക്കുന്ന പാലം കിഫ്ബി പദ്ധതിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
500 മീറ്റർ അപ്രോച്ച് റോഡും പാലത്തിന് ഇരുവശവും നിർമിക്കും. ജനുവരിയിൽ എസ്റ്റിമേറ്റ് എടുത്ത് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയിരുന്നു. നിലവിൽ മൺറോതുരുത്തുകാർ കൊല്ലത്തെത്താൻ പെരുമണിൽ നിന്ന് ജങ്കാർ സർവിസ് വഴിയോ കുണ്ടറ മുളവന റൂട്ടിൽ റോഡ് വഴിയോ ആണ് പോകേണ്ടിയിരുന്നത്.
പാലം പൂർത്തിയായാൽ ബൈപാസിലൂടെ യാത്ര ചെയ്യുന്നവർക്ക് കടവൂർ സിഗ്നൽ ജങ്ഷനിൽനിന്ന് തിരിഞ്ഞ് അഞ്ചാലുംമൂട് പെരുമൺ വഴി പുതിയ പാലത്തിലൂടെ വേഗം ചെങ്ങന്നൂരും അതുവഴി എറണാകുളത്തേക്ക് പോകാനും സാധിക്കും. 15 കിലോമീറ്റർ ദൂരം ലാഭിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.