സാമ്പ്രാണിക്കോടി; പ്രവേശന വിലക്ക് 100ാം ദിവസത്തിലേക്ക്
text_fieldsഅഞ്ചാലുംമൂട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരുന്ന സാമ്പ്രാണിക്കോടിയിലേക്കുള്ള പ്രവേശന വിലക്ക് തുടങ്ങിയിട്ട് 100 ദിവസത്തോട് അടുക്കുന്നു. ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഇല്ലാതിരുന്ന സാമ്പ്രാണിക്കോടി തുരുത്ത് അടുത്ത കാലത്താണ് ശ്രദ്ധ നേടിയത്. സമൂഹ മാധ്യമങ്ങളിലും മാധ്യമ വാർത്തകളിലും ഇടം പിടിച്ചതോടെയായിരുന്നു ഇത്.
തുരുത്തിന്റെ മനോഹാരിത ആസ്വദിക്കാൻ വിദേശികൾ ഉൾപ്പെടെ വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ തൃക്കരുവ പഞ്ചായത്തിലെ സാമ്പ്രാണിക്കോടിയിൽ ടൂറിസം വ്യവസായവും ഉണർന്നു.
സഞ്ചാരികൾക്ക് തുരുത്തിലേക്ക് പോകുന്നതിനായി ഡി.ടി.പി.സിയുടെ ബോട്ടുകൾക്ക് പുറമേ പ്രദേശവാസികളും ബോട്ടുകൾ വാങ്ങി സർവിസ് നടത്തിയിരുന്നു. എന്നാൽ, ഭൂരിഭാഗം സഞ്ചാരികളെയും സ്വകാര്യ ബോട്ടുടമകൾ 'കൈവശപ്പെടുത്തു'ന്നതായും ഡി.ടി.പി.സിയുടെ ബോട്ടിൽ കയറാൻ അനുവദിക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു.
40 സ്വകാര്യബോട്ടുകളാണ് ഇവിടെ സർവിസ് നടത്തിയിരുന്നത്. ഇതിൽ ചുരുക്കം ചിലതിന് മാത്രമാണ് ലൈസൻസ് ഉണ്ടായിരുന്നത്. കഴിഞ്ഞ ജൂലൈ ഒമ്പതിന് തുരുത്തിൽ കച്ചവടം നടത്തി തിരികെ മടങ്ങുന്നതിനിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ പ്രദേശവാസിയായ വീട്ടമ്മ മരിച്ചിരുന്നു.
ഇതിനെത്തുടർന്നായിരുന്നു തുരുത്തിലേക്കുള്ള പ്രവേശനം നിരോധിച്ചത്. നിരോധനം തുടരുന്നതിനാൽ ഏറെ കഷ്ടത്തിലായത് ബോട്ടുകൾ വാങ്ങി ഉപജീവന മാർഗം തേടിയവരാണ്. സഞ്ചാരികൾ എത്താതായതോടെയും നിയന്ത്രണം നീണ്ടതോടെയും ബോട്ടുകൾ സർവിസ് നടത്താനാകാതെ കായൽതീരങ്ങളിൽ കെട്ടിയിട്ടിരിക്കുകയാണ്.
വരുമാനം നിലച്ചതോടെ ബോട്ടുടമകളിൽ പലരും കടക്കെണിയിലാണ്. തുരുത്തിലേക്കുള്ള യാത്രാവിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും ബോട്ട് ജീവനക്കാരും കലക്ടർക്കും ജനപ്രതിനിധികൾക്കും നിവേദനങ്ങൾ നൽകിയെങ്കിലും ഒരു നടപടിയുമായിട്ടില്ല.
അപകടത്തിനുശേഷം യാത്രാവിലക്ക് നീക്കുന്നതിന് മുന്നോടിയായി ഡി.ടി.പി.സി സെക്രട്ടറി കൺവീനറായി ടെക്നിക്കൽ കമ്മിറ്റി വിളിച്ചുചേർത്തിരുന്നു. തുടർന്ന് യാത്രാവിലക്ക് ഉടൻ നീക്കുമെന്ന് അറിയിച്ചെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല.
തുരുത്ത് തുറക്കാത്തതിൽ പ്രതിഷേധിച്ച്, സ്വാതന്ത്ര്യദിനത്തിൽ, ബോട്ടുടമകൾ ബോട്ട് ചങ്ങലയും ബോട്ട് റാലിയും സംഘടിപ്പിച്ചിരുന്നു. തുരുത്ത് എത്രനാൾ നിലനിൽക്കുമെന്ന കാര്യത്തിൽ നിയമസഭാ സമിതി അവിടെയെത്തി ആശങ്കയറിയിക്കുകയും ചെയ്തിരുന്നു.
സുരക്ഷാ സംവിധാനങ്ങളോടെ തുരുത്ത് എത്രയുംവേഗം തുറക്കണമെന്ന നിലപാടിലാണ് നാട്ടുകാരും പഞ്ചായത്തും ബോട്ടുടമകളും. കഴിഞ്ഞദിവസം കൊല്ലത്തെത്തിയ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ നേരിട്ട് കണ്ടപ്പോഴും പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പാണ് നൽകിയത്. ഈ ഉറപ്പിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ബന്ധപ്പെട്ടവർ.
തുരുത്ത് വേഗം തുറക്കണം
സാമ്പ്രാണിക്കോടി എത്രയും വേഗം തുറന്ന് നൽകണമെന്നാണ് പഞ്ചായത്തിന്‍റെ നിലപാട്. യാത്രാവിലക്ക് മൂലം ഇതുമായി ബന്ധപ്പെട്ട് ജിവിച്ചിരുന്ന നൂറുകണക്കിനാളുകളാണ് ദുരിതത്തിലായത്. തുരുത്ത് തുറക്കാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് ടൂറിസം മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
ഇതിനാവശ്യമായ തുടർനടപടികൾ തുടങ്ങിയതായി മന്ത്രിയുടെ ഓഫിസിൽനിന്ന് മറുപടിയും ലഭിച്ചു. എന്നാൽ, കലക്ടറെ സമീപിച്ചപ്പോൾ അന്തിമ തീരുമാനം എടുക്കണ്ടത് മന്ത്രിയാണെന്ന മറുപടിയാണ് കിട്ടിയത്. ലക്ഷങ്ങൾ കടം വാങ്ങിയും ലോണെടുത്തും ബോട്ട് വാങ്ങിയവരാണ് പ്രതിസന്ധിയിലായത്.
ലൈസൻസ് ഉള്ള ബോട്ടുകൾക്ക് സുരക്ഷാ സന്നാഹങ്ങളോടെ നിശ്ചിത ആളുകളെ കയറ്റി സർവിസ് നടത്താനെങ്കിലും അനുവദിക്കണമെന്നാണ് പഞ്ചായത്ത് നിലപാട്. തുരുത്തിലേർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ ഡി.ടി.പി.സിയും പഞ്ചായത്തും ചേർന്ന് തീരുമാനിക്കും.
നിലവിൽ 10-12 ബോട്ടുകൾക്ക് ലൈസൻസ് ഉണ്ട്. കൊച്ചുവള്ളങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരും. ടെക്നിക്കൽ കമ്മിറ്റി ഇവിടെ സന്ദർശനം നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ തുരുത്തിൽ രണ്ട് ഗാർഡിനെ നിയമിക്കാനും ബോട്ടുടമകൾക്ക് ചെറിയ നിരക്ക് ഈടാനും തീരുമാനമായിരുന്നു.
ടിക്കറ്റ് പഞ്ചായത്ത് സീൽ ചെയ്ത് നൽകും. ലൈസൻസുള്ള ബോട്ടുകളെ പോകാൻ അനുവദിക്കും. ലൈസൻസ് എടുക്കാനായി 8000 രൂപ വരെ അടച്ച് കാത്തിരിക്കുന്ന നിരവധി ബോട്ടുടമകൾ ഉണ്ട്. ലൈസൻസ് നൽകാൻ നടപടി വേഗത്തിലാക്കണം.
സരസ്വതി രാമചന്ദ്രൻ, പ്രസി., തൃക്കരുവ പഞ്ചായത്ത്
പ്രതികരിക്കാൻ തയാറാവാതെ ഡി.ടി.പി.സി
സാമ്പ്രാണിക്കോടി തുരുത്ത് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ടി.പി.സിയെയും ഡി.ടി.പി.സി സെക്രട്ടറിയെയും ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ തയാറായില്ല. തുടർച്ചയായ ദിവസങ്ങളിൽ ഡി.ടി.പി.സി അധികൃതരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.
ഏത് നിബന്ധനയും അംഗീകരിക്കാം
26 ബോട്ടുകളാണ് സാമ്പ്രാണിക്കോടിയിലെ ഐലന്‍ഡ് ബോട്ട് ക്ലബിനുള്ളത്. ബോട്ട് ക്ലബിൽ അംഗങ്ങളായവരെല്ലാം തുരുത്ത് അടച്ചത് മുതൽ വരുമാനമാർഗമില്ലാതെയും ബോട്ടുകൾക്ക് വേണ്ടി എടുത്ത വായ്പ തിരിച്ചടക്കാനാവാതെയും പ്രതിസന്ധിയിലാണ്.
പലർക്കും ബാങ്കിൽനിന്നുള്ള നോട്ടീസും ലഭിച്ചു. യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ട് ഇത്രയും നാളായിട്ടും കലക്ടറോ ഡി.ടി.പി.സി അധികൃതരോ എം.എൽ.എയോ വിഷയത്തിൽ ഇടപെട്ടിട്ടില്ല. അധികൃതർ നൽകുന്ന എന്ത് നിബന്ധനയും അംഗീകരിക്കാൻ തയാറാണ്.
ഡി.ടി.പി.സി അധികൃതർ ഉത്തരവാദിത്തം കലക്ടർക്കാണെന്ന് പറയുമ്പോൾ കലക്ടർ മന്ത്രിയാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടത് എന്ന് പറഞ്ഞൊഴിയുകയാണ്. അപകടമുണ്ടായ സ്ഥലത്ത് ആഴമില്ല. നിയമസഭ സമിതി തുരുത്തിൽ ഇറങ്ങാതെയാണ് റിപ്പോർട്ട് നൽകിയത്. മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകാൻ തയാറെടുക്കുകയാണ്.
മെൽവിൻ (ബോട്ടുടമ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.