വീണ്ടും തിരക്കിലായി സാമ്പ്രാണിക്കോടി
text_fieldsഅഞ്ചാലുംമൂട്: താൽക്കാലിക അടച്ചിടലിന്ശേഷം പ്രവർത്തനം പുനരാരംഭിച്ച സാമ്പ്രാണിക്കോടിയിൽ സന്ദർശകരുടെ തിരക്കേറുന്നു. ഓൺലൈൻ ബുക്കിങ് സജ്ജമാക്കി ബോട്ട് സർവിസ് പുനരാരംഭിച്ചതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെ സഞ്ചാരികളാണെത്തുന്നത്. കടവുകളിലുള്ള റസ്റ്റോറന്റുകളും കച്ചവടകേന്ദ്രങ്ങളും സജീവമായി.
സന്ദർശകരുടെ സൗകര്യാർഥം രണ്ട് പുതിയ കൗണ്ടറുകൾ ആരംഭിക്കാൻ അനുവാദം നൽകിയതിനെ തുടർന്ന് പ്രതിഷേധമുയർന്നതോടെ ആഴ്ചകൾക്ക് മുമ്പ് ജില്ല ഭരണകൂടം ഇടപെട്ട് ബോട്ട് സർവീസ് താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. കലക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരം ഉണ്ടായത്.
തർക്കം പരിഹരിക്കാൻ ഓൺലൈൻ ബുക്കിങ് നടപ്പാക്കിതുൾപ്പെടെ മാറ്റങ്ങളുമായി വെള്ളിയാഴ്ചയാണ് ബോട്ടിങ് പുനരാരംഭിച്ചത്. ഡി.ടി.പി.സിയുടെ അംഗീകാരമുള്ള 52 ബോട്ടുകൾക്കാണ് സർവീസ് നടത്താൻ അനുമതിയുള്ളത്.
ഓൺലൈൻ ബുക്കിങ് കൂടാതെ തൽസമയ ബുക്കിങ് സൗകര്യവും ലഭ്യമാണ്. മണലിൽ ബോട്ട് ജെട്ടി, കുരീപ്പുഴ സർക്കാർ ബോട്ട്ജെട്ടി എന്നിവിടങ്ങളിൽ പുതുതായി കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. മൂന്ന് കടവുകളിൽനിന്നാണ് നിലവിൽ ബോട്ട് സർവിസ് നടത്തുന്നത്.
രാവിലെ ഒമ്പത് മുതൽ വൈകീട്ട് 3.50 വരെയാണ് സന്ദർശകർക്ക് ബുക്കിങ് സമയം അനുവദിച്ചിരിക്കുന്നത്. 150 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രവർത്തനം പുനരാരംഭിച്ചതിന് ശേഷമെത്തിയ ആദ്യ ഞായറാഴ്ച സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഡി.ടി.പി.സിക്ക് കൂടുതൽ വരുമാനം നേടിത്തരുന്ന ജില്ലയിലെ പ്രധാന സഞ്ചാരകേന്ദ്രമായി സാമ്പ്രാണിക്കോടി മാറി. ഓണക്കാലത്ത് വലിയ വരുമാനമാണ് തുരുത്തിൽനിന്ന് ലഭിച്ചത്.
ഒരുമാസത്തോളം അടച്ചിടേണ്ടിവന്നത് ഡി.ടി.പി.സിക്കും ബോട്ടുടമകൾക്കും ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിയത്. ഈ നഷ്ടം വരും ദിവസങ്ങളിൽ നികത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഡി.ടി.പി.സി അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.