പരാതിക്കാരനെക്കൊണ്ട് യുവാവിനെ അടിപ്പിച്ച സംഭവം; എസ്.ഐക്കെതിരെ നടപടിക്ക് സാധ്യത
text_fieldsഅഞ്ചാലുംമൂട്: പ്രാക്കുളത്ത് യുവാക്കള്‍ തമ്മില്‍ തല്ലിയ കേസില്‍ മധ്യസ്ഥ ചര്‍ച്ചക്കിടെ പരാതിക്കാരനെ കൊണ്ട് എതിര്‍കക്ഷിയുടെ മുഖത്തടിപ്പിക്കുകയും യുവാവിന്റെ കാലിനും നടുവിനും ബൂട്ടിട്ട് ചവിട്ടുകയും ചെയ്ത സംഭവത്തില്‍ അഞ്ചാലുംമൂട് എസ്.ഐ ജയശങ്കറിനെതിരെ നടപടിയുണ്ടാകും. സസ്പെന്ഷനുൾപ്പെടെയുള്ള കടുത്ത നടപടികളുണ്ടാകുമെന്നാണ് പൊലീസ് അധികൃതരില്‍നിന്ന് ലഭിക്കുന്ന സൂചന.
മര്‍ദനമേറ്റ യുവാവ് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം സ്പെഷല്‍ ബ്രാഞ്ച് എ.സി.പി സക്കറിയ അഞ്ചാലുംമൂട് സ്റ്റേഷനിലെത്തി യുവാക്കളില്‍നിന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. സ്പെഷല്‍ ബ്രാഞ്ച് സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്കി. യുവാവിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്നും എസ്.ഐ ജയശങ്കറിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും കണ്ടെത്തിയിരുന്നു.
വ്യാഴാഴ്ച വൈകീട്ടോടെ എ.സി.പി ഓഫിസിലെത്തി മര്‍ദനമേറ്റ യുവാവ് മൊഴി നല്‍കുകയും ചെയ്തു. സംഭവത്തില്‍ സ്റ്റേഷനിലെ കാമറദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചായിരിക്കും നടപടിയെന്നും വേണ്ടിവന്നാല്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തുമെന്നും അധികൃതര്‍ വൃക്തമാക്കി.
ബുധനാഴ്ച ഉച്ചക്കാണ് തൃക്കരുവ മാവഴികത്ത് പടിഞ്ഞാറ്റതില്‍ സെബാസ്റ്റ്യന്റെ (19) മുഖത്ത് പരാതിക്കാരനായ പ്രാക്കുളം സ്വദേശി രാഹുലിനെകൊണ്ട് (19) എസ്.ഐ അടിപ്പിച്ചത്. കൂടാതെ സെബാസ്റ്റ്യന്റെ കാലിലും നടുവിനും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തിരുന്നു.
യുവാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ ജയശങ്കറിനെതിരെയും മര്‍ദിച്ച പ്രാക്കുളം സ്വദേശി രാഹുലിനെതിരെയും കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. അതേസമയം ഇത്തരം സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന ന്യായീകരണമാണ് അഞ്ചാലുംമൂട് പൊലീസ് വ്യാഴാഴ്ച നടത്തിയത്.
ജയശങ്കറിനെതിരെ മുമ്പും പരാതികള്‍
അഞ്ചാലുംമൂട്: പ്രാക്കുളത്ത് യുവാക്കള്‍ തമ്മില്‍ തല്ലിയ കേസില്‍ മധ്യസ്ഥ ചര്‍ച്ചക്കിടെ എസ്.ഐ പരാതിക്കാരനെകൊണ്ട് എതിര്‍കക്ഷിയുടെ മുഖത്തടിപ്പിക്കുകയും യുവാവിന്റെ കാലിനും നടുവിനും ബൂട്ടിട്ട് ചവിട്ടുകയും ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ എസ്.ഐ ജയശങ്കറിനെതിരെ മുമ്പും പരാതികളുണ്ടായിരുന്നതായി ആക്ഷേപം.
അഞ്ചാലുംമൂട് സ്റ്റേഷനില്‍ എസ്.ഐയായി ചാര്‍ജെടുത്തത് മുതല്‍ സ്റ്റേഷനിലെത്തുന്ന പരാതിക്കാരോട് മോശമായി പെരുമാറുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. പരാതിയുമായെത്തുന്ന സ്ത്രീകളുള്പ്പെടെയുള്ളവരോട് പരാതി കേള്‍ക്കാന്‍ തയാറാകാതെ ദേഷ്യപ്പെട്ടതായും ആക്ഷേപമുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ അഞ്ചാലുംമൂട് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഡല്‍ഹി പൊലീസില്‍നിന്ന് വിരമിച്ച എസ്.ഐയും തൃക്കടവൂര്‍ സ്വദേശിയുമായ ഗോപാലകൃഷ്ണന് നായരോട് എസ്.ഐ ജയശങ്കര്‍ മോശമായി പെരുമാറിയിരുന്നു. ഇതിനെതുടര്‍ന്ന് ഗോപാലകൃഷ്ണന് നായര്‍ എസ്.ഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ അസി. കമീഷണര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് നിര്‍ദേശം നൽകിയിരുന്നു.
അന്വേഷണത്തില്‍ എസ്.ഐ ജയശങ്കറിനെ എ.സി.പി അഭിലാഷ് താക്കീത് നല്‍കുകയും ചെയ്തിരുന്നു. താക്കീത് ലഭിച്ച് രണ്ടാഴ്ചക്കുള്ളിലാണ് എസ്.ഐക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുയര്‍ന്നിരിക്കുന്നത്. കരുനാഗപ്പള്ളിയില്‍നിന്ന് പണിഷ്മെന്റ് ട്രാന്‍സ്ഫറിലാണ് ജയശങ്കര്‍ അഞ്ചാലുംമൂട് സ്റ്റേഷനിലെത്തിയത്.
യുവാവിന്റെ പരാതിയില്‍ എസ്.ഐക്കെതിരെ അന്വേഷണം നടത്തുവരികയാണ്. ജയശങ്കറിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായുള്ള പ്രാഥമിക റിപ്പോര്‍ട്ട് സ്പെഷല്‍ ബ്രാഞ്ച് കഴിഞ്ഞ ദിവസം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചതായാണ് സൂചന. സ്പെഷല്‍ ബ്രാഞ്ച് സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.