ചോർന്നൊലിച്ച് അംഗന്‍വാടി; ഭീതിയിൽ കുട്ടികളും രക്ഷാകർത്താക്കളും
text_fieldsപത്തനാപുരം: പിറവന്തൂർ പഞ്ചായത്തിലെ പുന്നല കണിയാം പടിക്കൽ വാർഡിൽ ബംഗ്ലാദേശ് കോളനിയിലെ പതിമൂന്നാം നമ്പർ അംഗൻവാടിയുടെ സ്ഥിതിയാണിത്.
ഏതുനിമിഷവും നിലംപതിക്കാവുന്ന മേൽക്കൂര ഭീതിയെത്തുടർന്ന് രക്ഷാകർത്താക്കൾ കുട്ടികളെ ഇപ്പോൾ ഇവിടേക്ക് വിടാനും മടിക്കുന്നു. മഴയായിക്കഴിഞ്ഞാൽ കോൺക്രീറ്റ് മേൽക്കൂര പൂർണമായും ചോർന്നൊലിക്കും. ക്ലാസ് മുറികളില്‍ വെള്ളം നിറയും. ഭക്ഷണശാലയിൽ ചോർച്ച കാരണം ആഹാരം പാകംചെയ്യാൻ പോലും കഴിയാറില്ല.
ദിവസവും രാവിലെ അംഗൻവാടി ജീവനക്കാർ തറയിൽ കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്ത ശേഷമാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. 25 ലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
2002ൽ നിർമാണം പൂർത്തീകരിച്ച കെട്ടിടം ഗ്രാമപഞ്ചായത്തിലെ ആദ്യകാല സ്മാർട്ട് അംഗൻവാടിയായിരുന്നു.
കോൺക്രീറ്റ് മേൽക്കൂരയിലെ അടിഭാഗം പൂർണമായും വിണ്ടുകീറിയ നിലയിലാണ്. ഭക്ഷണം പാകം ചെയ്യാനായി അടുക്കളയിൽ കുടപിടിച്ചു നില്‍ക്കേണ്ടുന്ന ഗതികേടിലാണ്. കോൺക്രീറ്റ് പാളികൾ ഇളക്കി വീഴുമെന്ന പേടി കാരണം രക്ഷാകർത്താക്കൾ കുട്ടികളെ വിടുന്നില്ലെന്നും അധ്യാപകർ പറയുന്നു.
അംഗന്‍വാടിയുടെ ശോച്യാവസ്ഥ നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.