പുത്തനമ്പലം ചേലൂർകടവിൽ സാമൂഹികവിരുദ്ധ ശല്യം രൂക്ഷം
text_fieldsകുന്നത്തൂർ: കുന്നത്തൂർ പഞ്ചായത്തിൽ കല്ലടയാറിന്റെ തീരത്ത് പുത്തനമ്പലം ചേലൂർകടവ് കേന്ദ്രീകരിച്ച് മദ്യപാനികളുടെയും സാമൂഹികവിരുദ്ധരുടെയും ശല്യം രൂക്ഷമായതായി പരാതി. മീൻപിടിത്തത്തിന്റെ മറവിൽ കല്ലടയാറിന്റെ തീരത്ത് എത്തുന്നവരാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. മറ്റു പ്രദേശങ്ങളിൽനിന്നു പോലും നിരവധിയാളുകൾ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള മീൻപിടിത്തത്തിനായി ഇവിടേക്ക് എത്താറുണ്ട്. രാപകൽവ്യത്യാസമില്ലാതെ എത്തുന്നവർ മദ്യവും മറ്റു ലഹരിവസ്തുക്കളും ഇവിടേക്ക് എത്തിക്കാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. കടവിലേക്കുള്ള വഴികളിലും പുരയിടങ്ങളിലുമിരുന്ന് പരസ്യമായി മദ്യപിക്കുന്നതും മദ്യക്കുപ്പികളും ആഹാര അവശിഷ്ടങ്ങളും പരിസരത്തേക്ക് വലിച്ചെറിയുന്നതും പതിവാണ്.
പ്രദേശത്താകെ ഇത്തരത്തിൽ മദ്യക്കുപ്പികൾ ചിതറിക്കിടക്കുകയാണ്. ചിലർ കല്ലടയാറ്റിലേക്കാണ് ഇവ വലിച്ചെറിയുന്നത്. മദ്യപാനത്തിനു ശേഷം തർക്കങ്ങൾ ഉണ്ടാകുന്നതും പതിവാണ്. കന്നുകാലികളെ കെട്ടുന്നതിനും കൃഷി കാര്യങ്ങൾക്കും മറ്റുമായി സ്ത്രീകളും കുട്ടികളും എത്തിയാൽപോലും ഇക്കൂട്ടർ പിന്മാറാറില്ല. മദ്യപാനത്തിനൊപ്പം ഇവിടം കേന്ദ്രീകരിച്ച് രാസലഹരിയുടെ ഉപയോഗവും വിൽപനയും അടുത്ത കാലത്തായി വർധിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. കടവിലേക്ക് പ്രധാന പാതയിൽനിന്നും അകത്തേക്കുള്ള വഴിയായതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെടുകയുമില്ല. നിരോധനത്തിനുമുമ്പ് കുന്നത്തൂർ പഞ്ചായത്തിലെ പ്രധാന മണൽകടവുകളിൽ ഒന്നായിരുന്നു ചേലൂർ. മണൽ വാരൽ നിലച്ചതോടെയാണ് ഇവിടം സാമൂഹികവിരുദ്ധരുടെ താവളമായി മാറിയത്. അതിനിടെ നിരവധി തവണ ശാസ്താംകോട്ട പൊലീസിൽ നാട്ടുകാർ വിവരമറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് പരാതിയുണ്ട്. പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.