'അടിസ്ഥാനം ബലപ്പെടുത്തി മഹാനഗരമാക്കും'; കൊല്ലം കോർപറേഷൻ ബജറ്റിന് അംഗീകാരം
text_fieldsകൊല്ലം: നഗരത്തിന്റെ വിവിധ അടിസ്ഥാനമേഖല പ്രശ്നങ്ങൾക്ക് ദീർഘവീക്ഷണമുള്ള പദ്ധതികളിലൂടെ ശാശ്വത പരിഹാരമുണ്ടാക്കി മഹാനഗരമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുമെന്ന പ്രഖ്യാപനവുമായി കൊല്ലം കോർപറേഷനിൽ 2022-23 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റിന് അംഗീകാരം.
അഞ്ചര മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ, വോട്ടെടുപ്പിൽ പ്രതിപക്ഷത്തിെൻറ വിയോജിപ്പിനിടെ 40 അംഗങ്ങളുടെ പിന്തുണയോടെയാണ് ബജറ്റ് പാസായത്. അടിസ്ഥാന വികസനം എന്ന സ്വപ്നത്തിെൻറ പൂർത്തീകരണത്തിനുള്ള നിശബ്ദ പ്രവർത്തനങ്ങളാണ് വിജയകരമായി നടപ്പാക്കിവരുന്നതെന്ന് ബജറ്റ് ചർച്ചക്ക് മറുപടിയായി മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
കുടിവെള്ളം, സുഗമമായ ഗതാഗതം, ശുചിത്വം തുടങ്ങി ഏറ്റവും അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് മുൻഗണന. ബജറ്റിലുള്ള മഹാനഗരം പരാമർശം യാഥാർഥ്യമാക്കാൻ എന്ത് ചെയ്തു എന്ന ചോദ്യം പ്രതിപക്ഷ അംഗങ്ങളിൽനിന്ന് നിരന്തരം ഉയർന്നത് ചൂണ്ടിക്കാട്ടിയാണ് മേയർ നയം വ്യക്തമാക്കിയത്. തനിക്കൊപ്പമുള്ള കൗൺസിലർമാരും ഉദ്യോഗസ്ഥരും ഒരേമനസോടെ പ്രവർത്തിച്ചതിെൻറ ഫലമായാണ് കോർപറേഷൻ ലക്ഷ്യങ്ങൾ യാഥാർഥ്യമാകുന്നതെന്ന് മേയർ പറഞ്ഞു.
നിരവധി വികസന പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനിടയിലാണ് ഒന്നും ചെയ്യുന്നില്ലെന്ന വിമർശനമുന്നയിക്കുന്നതെന്ന് ചർച്ചക്കൊടുവിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു പറഞ്ഞു. കോൺഗ്രസ് കൗൺസിലറായ ശ്രീദേവിയമ്മയും എസ്.ഡി.പി.ഐയുടെ കൃഷ്ണേന്ദുവും ബജറ്റിനെ പിന്തുണച്ചപ്പോൾ ബി.ജെ.പി അംഗങ്ങൾ ചർച്ചക്കിടയിൽ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. 34 കൗൺസിലർമാർ ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ആർദ്രം കേരള മിഷെൻറ പുരസ്കാര വാർത്ത ചർച്ചക്കിടയിൽ കൗൺസിലിനെ തേടിയെത്തിയതും പ്രത്യേകതയായി.
കൊണ്ടും കൊടുത്തും ചർച്ച
അഞ്ചര മണിക്കൂർ നീണ്ട മാരത്തൺ ചർച്ചയിൽ കൊണ്ടും കൊടുത്തും കൊമ്പുകോർത്തും കൗൺസിലർമാർ സജീവമായി ഇടപെട്ടു. ബജറ്റിനപ്പുറം രാഷ്ട്രീയ വിഷയങ്ങളിലേക്കും പരാമർശങ്ങൾ നീണ്ടതോടെ ഇരുപക്ഷത്തും വാക്കുകൾക്ക് ചൂടുപിടിച്ചു.
ചർച്ചക്ക് തുടക്കമിട്ട ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. ജയൻ, വികസനത്തെ പിന്നോട്ടടിപ്പിച്ച് പ്രതിപക്ഷം ജനങ്ങളുടെ മനസ്സിൽ നിന്ന് പിന്നോട്ടുപോകുകയാണെന്നും നാടിനായി ഒരുമിച്ച് നിന്ന് മുന്നോട്ടുപോകാൻ കഴിയണമെന്നും പറഞ്ഞാണ് ബജറ്റിനുള്ള പിന്തുണ പ്രസംഗം അവസാനിപ്പിച്ചത്. അഞ്ച് വർഷം പൂർത്തിയാകുമ്പോൾ നഗരം മുഴുവൻ ശുദ്ധീകരിച്ച് എല്ലാ പദ്ധതികളും പൂർത്തിയാക്കുന്നത് കാണാനാകുമെന്ന് മരാമത്ത്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. ഉദയകുമാർ പറഞ്ഞു.
അദ്ദേഹമുൾപ്പെടെ എൽ.ഡി.എഫ് അംഗങ്ങൾ കോൺഗ്രസിനെ 'കീറിയ പായ' എന്നതടക്കം ഉപമകളുപയോഗിച്ച് വിമർശിച്ചത്, തുടർന്ന് ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് അംഗങ്ങളുടെ രൂക്ഷപ്രതികരണത്തിനിടയാക്കി. കെ.പി.സി.സി അധ്യക്ഷൻ സുധാകരനെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനെയും പേരെടുത്ത് പരാമർശിച്ച് ടി.പി. അഭിമന്യു നടത്തിയ 'സു-സു കൂട്ടുകെട്ട്' പ്രയോഗത്തിന് മറുപടിയായി യു.ഡി.എഫിെൻറ കുരുവിള ജോസഫ് ലാവ്ലിൻ-പിണറായി വിഷയം ഉന്നയിച്ചതും മേയറുടെ ഇടപെടലിനും അംഗങ്ങളുടെ തർക്കത്തിനുമിടയാക്കി.
ബജറ്റുകളിൽ പ്രഖ്യാപിക്കുന്നതൊന്നും നടപ്പാകുന്നില്ലെന്നും എല്ലാ വർഷവും ഒരേകാര്യങ്ങൾ എഴുതിവെക്കുന്നെന്നും ഭരണസമിതി സമ്പൂർണ പരാജയമാണെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ജോർജ് ഡി. കാട്ടിൽ ആക്ഷേപമുയർത്തി. വിവിധ പദ്ധതികളെക്കുറിച്ച് വിമർശനമുയർത്തിയ അദ്ദേഹം, നൂതന ആശയങ്ങൾ കൊണ്ടുവരാൻ ശ്രമം വേണമെന്നും പറഞ്ഞു.
ഇതിനിടയിൽ, ബജറ്റ് തയാറാക്കിയ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലെ അംഗമായ ബി.ജെ.പിയുടെ ടി.ജി. ഗിരീഷ് ചർച്ചയിൽ പങ്കെടുക്കാൻ എണീറ്റതോടെ മേയർ തടസ്സമുന്നയിച്ചു. ബജറ്റ് ഒരുക്കിയവർ ചർച്ചയിൽ സംസാരിക്കാറില്ലെന്ന കീഴ്വഴക്കം തെറ്റിക്കാനാകില്ലെന്ന നിലപാടിൽ മേയർ ഉറച്ചുനിന്നതോടെ ഉച്ചക്ക് ശേഷമുള്ള സെഷനിൽ പങ്കെടുക്കാതെ പ്രതിഷേധമുന്നയിച്ച് ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയി.
മറ്റ് സ്ഥിരംസമിതി അധ്യക്ഷൻമാരായ ഗീതാകുമാരി, യു. പവിത്ര, ഹണി, എ.കെ. സവാദ്, സവിത ദേവി എന്നിവരും ബജറ്റിനെ അനുകൂലിച്ചും പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ചും സംസാരിച്ചു. കോൺഗ്രസിെൻറ ജോർജ് ഡി. കാട്ടിൽ, കുരുവിള ജോസഫ്, ഹംസത്ത് ബീവി, സുനിൽ ജോസ്, ആർ.എസ്.പിയുടെ പുഷ്പാംഗദൻ, ബി.ജെ.പിയുടെ ടി.ആർ. അഭിലാഷ് എന്നിവർ ബജറ്റിന് പിന്തുണയില്ലെന്ന് പ്രഖ്യാപിച്ചപ്പോൾ ആർ.എസ്.പിയുടെ സ്വർണമ്മ 'ഭാഗികമായി' പിന്തുണച്ചത് ചർച്ചക്കിടയിൽ ചിരിപടർത്തി.
എം. സജീവ്, സജീവ് സോമൻ, സിന്ധുറാണി, ആശ ബിജു, സുജ, മിനിമോൾ, അശ്വതി, നസീമ ഷിഹാബ്, ടോമി, നിസാമുദ്ദീൻ, ജി. സോമരാജൻ, ഹണി, രാജു നീലകണ്ഠൻ, സുജ കൃഷ്ണൻ, സന്തോഷ് കുമാർ, സ്റ്റാൻലി, സാബു എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.