ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിക്ക് അംഗീകാരം
text_fieldsകൊല്ലം: ജില്ല പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിക്ക് ജില്ല പഞ്ചായത്ത് യോഗം അംഗീകാരം നൽകി. വാർഷിക പദ്ധതിയിൽ ഏറ്റെടുക്കുന്ന പ്രോജക്ടുകളുടെ പട്ടിക പ്രസിഡന്റ് സാം കെ. ഡാനിയേൽ അവതരിപ്പിച്ചു.
മുൻവർഷങ്ങളിൽ ജില്ല പഞ്ചായത്ത് നടപ്പാക്കിയ മാലാഖക്കൂട്ടം, സ്കിൽടെക്, എൻട്രി പോലെയുള്ള നൂതന പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി നിർവഹണം സംബന്ധിച്ച സർക്കാർ മാർഗരേഖയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് അഭിമാനനേട്ടമായി കാണുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാർക്ക് സൗജന്യ ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്ന നിറവ്, വയോധികരായ അർബുദ രോഗികൾക്ക് മരുന്നും ഭക്ഷണക്കിറ്റും, അഗതിമന്ദിരങ്ങളിലെ വയോജനങ്ങൾക്ക് വസ്ത്രവും മരുന്നും, ട്രൈബൽ ഫെസ്റ്റ്, ഓപൺ ജിംനേഷ്യം, വയോപാർക്ക്, സ്വപ്നക്കൂട് (അതിദരിദ്രർക്കുള്ള ഭവനനിർമാണം), സ്കൂളുകളിൽ ഇൻഡോർ ഫിറ്റ്നെസ് പാർക്ക്, എ.ബി.സി പദ്ധതി, വെറ്ററിനറി ന്യായവില മെഡിക്കൽ സ്റ്റോറുകൾ, ഫാം ടൂറിസം, സ്നേഹയാത്ര (അഗതി മന്ദിരങ്ങളിലെ വയോജനങ്ങൾക്ക് ഉല്ലാസയാത്ര), ശ്രുതിലയം (വയോജനങ്ങൾക്ക് റേഡിയോ, ചാരുകസേര, ഊന്നുവടി), അഗ്രിടെക് (ബി.എസ്സി, ഡിപ്ലോമ, വി.എച്ച്.എസ്.സി അഗ്രി പാസായവർക്ക് അപ്രന്റിസ്ഷിപ് നിയമനം), പാരാമെഡിക്കൽ കോഴ്സുകൾ പാസായ പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് അപ്രന്റിസ്ഷിപ് നിയമനം, വ്യവസായമേള, സ്കൂളുകളിൽ ഗ്രന്ഥപ്പുര എന്നിവ 2022-23ൽ ഏറ്റെടുക്കുന്ന ശ്രദ്ധേയ പദ്ധതികളാണ്. പ്ലാൻ, റോഡ്, റോഡിതര വിഭാഗങ്ങളിലായി 110 കോടി രൂപയുടെ പദ്ധതികളാണ് 2022-23 വാർഷിക പദ്ധതിയിൽ ഏറ്റെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.