തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് അംഗീകാരം
text_fieldsകൊല്ലം: ജില്ല ആസൂത്രണ സമിതി യോഗത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അംഗീകാരം നല്‍കിയത്.
65 ഗ്രാമപഞ്ചായത്തുകളുടെയും 11 ബ്ലോക്കുകളുടെയും നാല് മുനിസിപ്പാലിറ്റികളുടെയും കോര്‍പറേഷന്റെയും പദ്ധതി ഭേദഗതിക്കാണ് അംഗീകാരം ലഭിച്ചത്. നവകേരളം തദ്ദേശകം 2.0യുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിർദേശിച്ചിട്ടുള്ള പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി സമര്‍പ്പിക്കണമെന്ന് നിർദേശിച്ചു.
'ദി സിറ്റിസണ്‍' കാമ്പയിനുമായി ബന്ധപ്പെട്ട പരിപാടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. ജില്ല ആസൂത്രണസമിതി അംഗങ്ങള്‍ പഞ്ചായത്തുകളില്‍ നേരിട്ടെത്തി കാമ്പയിന്റെ പുരോഗതി വിലയിരുത്തണം. ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുന്ന 'ജീവനം' പദ്ധതിക്ക് എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും മതിയായ ഫണ്ട് വകയിരുത്തണം.
എ. ബി. സി പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകള്‍ ഭൗതികസാഹചര്യം ഒരുക്കുന്നതിനനുസരിച്ച് ജില്ല മൃഗസംരക്ഷണ ഓഫിസില്‍ നിന്നുമുള്ള സേവനങ്ങള്‍ ലഭ്യമാക്കണം. പദ്ധതിയുടെ ബ്ലോക്ക്തല അവലോകനയോഗം ഡിസംബര്‍ മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.