കലോത്സവം; ബ്ലോക്ക് ബസ്റ്ററായി മഴയും ‘ഇടിയും’
text_fieldsമഴയും ഇടിയും..., മൂന്നാംദിനത്തിൽ സ്റ്റേജുകളിലെ തകർപ്പൻ പ്രകടനങ്ങൾക്ക് പുറത്ത് ഹൈലൈറ്റ് ഐറ്റങ്ങളായി കലോത്സവ വേദിയിൽ കണ്ടത് ഇതു രണ്ടുമാണ്. ഇടവിട്ട് തകർത്തുപെയ്ത മഴയിൽ പ്രധാന വേദിയായ ഇളമ്പള്ളൂർ ക്ഷേത്രമൈതാനത്തിന്റെ ഗേറ്റിന് മുൻവശംതന്നെ വെള്ളക്കെട്ടായി. ഇടിയും മിന്നലും കാര്യമായുണ്ടായില്ലെങ്കിലും വേദികളിൽ ‘ഇടി’ നടന്നതും നടക്കുന്നതിന്റെ വക്കോളമെത്തിയ മൂന്ന് പ്രധാന സീനുകളും അരങ്ങേറി.
സീൻ ഒന്ന്: മാർഗംകളി-പരിചമുട്ട്
രണ്ടാം ദിന മത്സരയിനമായി ആരംഭിച്ച പരിചമുട്ട് കളി അവസാനിച്ചപ്പോൾ മൂന്നാം ദിനം പുലർകാലമെത്തിയിരുന്നു. ഇതിനിടയിലാണ് വിദ്യാർഥികളുടെ പ്രതിഷേധമുൾപ്പെടെ അരങ്ങേറിയത്. എച്ച്.എസ്, എച്ച്.എസ്.എസ് മത്സരങ്ങളാണ് 13ാം വേദിയിൽനടന്നത്. തൊട്ടുമുമ്പുള്ള മാർഗംകളി അവസാനിച്ച് പരിചമുട്ട് തുടങ്ങുന്നതിന് സാഹചര്യമൊരുങ്ങിയതുതന്നെ ചൊവ്വാഴ്ച രാത്രി 10.30നോട് അടുത്തു.
മാർഗം കളിക്കിടയിൽ ഇടിവെട്ടി മൈക്ക് പോയതുൾപ്പെടെ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഫലംവന്നതോടെ നിയമങ്ങൾ പാലിക്കാതെ കളിച്ച ടീമിന് ഒന്നാം സ്ഥാനം നൽകി എന്നതുൾപ്പെടെ ആരോപണങ്ങൾ പ്രതിഷേധമായി. വിധികർത്താക്കൾക്കെതിരെ കോഴ ആരോപണവും ഉയർന്നു.
ഈ പ്രതിഷേധക്കാർ വഴിമാറി പരിചമുട്ട് തുടങ്ങിയപ്പോൾ മാർഗംകളി വിധികർത്താവ് പരിചമുട്ട് മത്സരത്തിന്റെയും വിധികർത്താവായി വന്നത് പ്രശ്നമായി. രണ്ട് ടീമുകളുടെ പരിശീലകന്റെ സുഹൃത്താണ് വിധികർത്താവ് എന്നും ആരോപണമായി. മത്സരം തടസ്സപ്പെടുത്തി മത്സരാർഥികൾ സ്റ്റേജിന് മുന്നിൽ പ്രതിഷേധമായി.
ഒടുവിൽ ഒരു വിധികർത്താവിനെ മാറ്റി മത്സരം പുനരാരംഭിച്ചപ്പോൾ സമയം അർധ രാത്രി പിന്നിട്ടു. എച്ച്.എസ് മത്സര ഫലം വന്നപ്പോഴും പ്രതിഷേധമുണ്ടായി. ഒടുവിൽ പൊലീസിന് ഇടപെടേണ്ടിവന്നു. സമയം പുലർച്ച രണ്ട് അടുപ്പിച്ച് ആരംഭിച്ച എച്ച്.എസ്.എസ് വിഭാഗം മത്സരം തീർന്നപ്പോഴാകട്ടെ പുലർച്ച 3.30 പിന്നിട്ടിരുന്നു.
സീൻ രണ്ട്: മൂകാഭിനയം
അക്ഷരാർഥത്തിൽ അടിപൊട്ടിയത് ഇളമ്പള്ളൂർ പഞ്ചായത്ത് ഹാളിൽനടന്ന മൂകാഭിനയ വേദിയിലാണ്. എച്ച്.എസ്.എസ് വിഭാഗം മൂകാഭിനയത്തിന് ഒന്നാം സ്ഥാനം കിട്ടിയത് കഥകളി മേക്കപ്പിൽ എത്തിയ പുനലൂർ ഗവ. എച്ച്.എസ്.എസ് സംഘത്തിനാണ്. മൂകാഭിനയത്തിലെ സ്ഥിരംകാഴ്ചയായ വെളുത്ത മുഖമല്ലാതെ കളിച്ച സംഘത്തിന് ഒന്നാം സ്ഥാനം നൽകിയതിനെതിരെ രണ്ടാം സ്ഥാനക്കാർ ചോദ്യമുന്നയിച്ച് രംഗത്തെത്തി.
രണ്ടാം സ്ഥാനക്കാരുടെ പ്രതിഷേധത്തിന് ‘എണ്ണ പകർന്ന്’ മറ്റൊരു സ്കൂളിലെ നാടക സംഘത്തിനൊപ്പമെത്തിയ നാടക പ്രവർത്തകൻ ബഹളം വെച്ചു. യു.പി നാടകം നടത്തുന്നതിന് കർട്ടനിട്ട് സ്റ്റേജ് ഒരുക്കുകയായിരുന്നതിനിടയിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി. ഒടുവിൽ പ്രശ്നക്കാരെ പൊലീസ് ‘കൈകാര്യം’ ചെയ്തതോടെയാണ് ബഹളമൊഴിഞ്ഞത്.
സീൻ മൂന്ന് : ഒപ്പന
തുടക്കം മുതൽക്കെ സംഘാടനപ്പിഴവും ശബ്ദ സംവിധാനത്തിലുള്ള പിഴവുകളുംകൊണ്ട് സംഘർഷഭരിതമായിരുന്നു ഒപ്പനവേദി. രാവിലെ വിധികർത്താക്കൾ എത്തിയിട്ടും മത്സരാർഥികൾ എത്താത്തതിനാൽ മണിക്കൂറുകൾവൈകിയാണ് എച്ച്.എസ് വിഭാഗം മത്സരം തുടങ്ങിയത്.
ഒന്നാമതായി വിമലഹൃദയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഒപ്പന അരങ്ങേറുമ്പോൾ തറയിലെ മാറ്റിളകി മത്സരാർഥി തട്ടിവീഴാൻ പോയതിനെച്ചൊല്ലി അധ്യാപകരും രക്ഷാകർത്താക്കളും സംഘാടകരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് ഡി.ഡി.ഇ ഇടപെട്ട് മത്സരാർഥികൾക്ക് വീണ്ടും അവസരം നൽകി.
പിന്നീട് മത്സരിക്കേണ്ട ടീമുകളുടെ രക്ഷാകർത്താക്കൾ ബഹളമുണ്ടാക്കിയതോടെ പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. മത്സരങ്ങളുടെ അവസാനം എത്തിയപ്പോഴേക്കും ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എച്ച്.എസ് തൃപ്പിലഴികം മത്സരിക്കുമ്പോൾ ലീഡ് പാടിയ കുട്ടിയുടെ മൈക്ക് ഓഫായതിനെചൊല്ലിയായി തർക്കം. വീണ്ടും മത്സരിക്കുന്നതിന് അവസരം കിട്ടിയ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എച്ച്.എസ് തൃപ്പിലഴികം ഒന്നാംസ്ഥാനത്തെത്തുകയുംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.