വീട്ടുകാർ ഉപേക്ഷിച്ച അവശനായ പ്രവാസിയെ ആശ്രയ സങ്കേതം ഏറ്റെടുത്തു
text_fieldsകൊട്ടാരക്കര: ഇടിഞ്ഞു പൊളിഞ്ഞ് ചോർന്നൊലിക്കുന്ന വീട്ടിൽ അവശനിലയിൽ തനിച്ചു കഴിയുകയായിരുന്ന വയോധികനെ ആശ്രയ സങ്കേതം ഏറ്റെടുത്തു. നിലമേൽ, കൈതോട്, വേയ്ക്കൽ തുണ്ടുപച്ചയിൽ വീട്ടിൽ സുദേവനെയാണ് (55 ) കലയപുരം ആശ്രയ സങ്കേതം ഏറ്റെടുത്തത്. പ്രവാസിയായിരുന്ന സുദേവൻ നാട്ടിൽ തിരിച്ചെത്തിയ ശേഷം ഭാര്യവീട്ടിലായിരുന്നു താമസം.
എന്നാൽ ശാരീരിക അവശതകൾ സുദേവനെ തളർത്തിയതോടെ ഭാര്യയും മക്കളും തള്ളിക്കളഞ്ഞു. അതോടെ രണ്ടര വർഷങ്ങൾക്ക് മുൻപ് അവിടെ നിന്നുമിറങ്ങി പൊളിഞ്ഞു കിടക്കുകയായിരുന്ന തന്റെ കുടുംബവീട്ടിലെ ചായ്പ്പിലേയ്ക്ക് താമസം മാറ്റി. പിന്നീട് ലോട്ടറി ടിക്കറ്റ് വിറ്റിട്ടായിരുന്നു സുദേവൻ ഉപജീവനം നടത്തിയിരുന്നത്.
പരിസരവാസികളും മറ്റും പലപ്പോഴും ഭക്ഷണം നൽകി സുദേവനെ സഹായിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപ് പ്രഷർ കൂടി വീട്ടിൽ തളർന്നു വീണ സുദേവനെ നാട്ടുകാരുടെ അവസരോചിത ഇടപെടലിലൂടെ ജീവൻ രക്ഷിച്ചെടുക്കുകയായിരുന്നു. എന്നാൽ ഇയാളുടെ തുടർസംരക്ഷണം ഒരു ചോദ്യചിഹ്നമായതോടെ സുദേവന്റെ ദയനീയ ജീവിതത്തെ കുറിച്ചുള്ള വിവരം വാർഡ് മെമ്പർ ഷൈലജ ബീവി ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസിനെ അറിയിക്കുകയും തുടർന്ന് ആശ്രയ സങ്കേതം ഏറ്റെടുക്കുകയുമായിരുന്നു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.