പൊലീസിനെയും നാട്ടുകാരെയും ആക്രമിക്കാൻ ശ്രമം; അഞ്ചംഗ സംഘം പിടിയിൽ
text_fieldsകടയ്ക്കൽ: ഇടത്തറയിൽ പൊലീസിനെയും നാട്ടുകാരെയും ആക്രമിക്കാൻ ശ്രമിച്ച കൊലക്കേസ് പ്രതി ഉൾപ്പെടെ അഞ്ചംഗ ക്രിമിനൽ സംഘം പിടിയിലായി. ചടയമംഗലം കുരിയോട് കുന്നുംപുറത്ത് വീട്ടിൽ ലിജു (30), അമ്പിളി ഭവനിൽ അമ്പിളിക്കുട്ടൻ (28), കണ്ണൻകോട് ഹസീനാ മൻസിലിൽ സിയാദ് (25), ചാറയം ചരുവിള വീട്ടിൽ സജീർ (26), ഷൈൻ (27) എന്നിവരെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടത്തറ കരവാരത്ത് കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. അമിത വേഗത്തിൽ മദ്യപിച്ച് കാറിൽ വന്ന ലിജു കരവാരത്ത് വൈദ്യുതി തൂൺ ഇടിച്ച് തകർത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. തൂൺ റോഡിന് കുറുകെ ഒടിഞ്ഞുവീണു.
നാട്ടുകാർ ഇയാളെ തടഞ്ഞുനിർത്തി പൊലീസിനെയും വൈദ്യുതി ബോർഡ് അധികൃതരെയും വിവരമറിയിച്ചു. ഇതേസമയം ലിജു സുഹൃത്തുക്കളായ മറ്റ് പ്രതികളെയും വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ വൈദ്യുതി ബോർഡ് ജീവനക്കാരും നാട്ടുകാരുമായി പ്രതികൾ വാക്കുതർക്കവും സംഘർഷവുമുണ്ടായി. അപ്പോഴേക്കും എസ്.ഐ അജുവിെൻറ നേതൃത്വത്തിൽ പൊലീസുമെത്തി.
അക്രമിസംഘത്തെ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റാനുള്ള ശ്രമത്തിനിടെ പൊലീസിന് നേരെയും ആക്രമണമുണ്ടായി. ഇതിനിടെ സി.പി.ഒ രജിത്തിെൻറ കൈവിരൽ ജീപ്പിെൻറ വാതിലിനിടയിൽപെട്ട് ഒടിഞ്ഞു. അറസ്റ്റിലായ ലിജു നിലമേൽ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്.പിടിയിലായ മറ്റുള്ളവരുടെ പേരിലും നിരവധി കേസുകൾ നിലവിലുള്ളതായി പൊലീസ് അറിയിച്ചു. അപകടത്തിൽപെട്ട വാഹനം ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.