ഓട്ടോകൾക്ക് പിന്നാലെ കാട്ടാനകൾ; ഭീതിയോടെ നാട്ടുകാർ
text_fieldsകുളത്തൂപ്പുഴ: സവാരി പോവുകയായിരുന്ന ഓട്ടോകൾക്ക് പിന്നാലെ കാട്ടാനകൾ ഓടിയെത്തി. ഭീതിയോടെ നാട്ടുകാർ. കഴിഞ്ഞ ദിവസം വൈകീട്ട് കുളത്തൂപ്പുഴ വില്ലുമല പാതയിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുകയായിരുന്ന ആദിവാസികളും ഓയിൽ പാം തൊഴിലാളികളും സഞ്ചരിച്ചിരുന്ന അഷറഫ്, മനോജ് എന്നിവരുടെ ഓട്ടോകൾക്ക് പിന്നാലെയാണ് വനപാതയിൽ കാട്ടാനകൾ ഓടിയെത്തിയത്.
വൈകീട്ട് മുതൽ അമ്പതേക്കർ പാതയോരത്തായി ഒരുകൂട്ടം ആനകളെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. വനം വകുപ്പ് നിർമിച്ചിട്ടുള്ള ഇരുമ്പ് വേലി മറികടന്നുപോകാൻ ശ്രമം നടത്തിയെങ്കിലും ഇടക്കിടക്ക് വനപാതയിലൂടെ വാഹനങ്ങൾ കടന്നുവന്നിരുന്നതിനാൽ കഴിഞ്ഞിരുന്നില്ല.
സന്ധ്യയോടെ പാതയോരത്തായി നിന്നിരുന്ന ഇവയെ ഓട്ടോയിൽ വന്നവർ കണ്ടിരുന്നില്ല. പെട്ടെന്ന് സമീപത്തെത്തിയ ഓട്ടോകൾക്ക് പിന്നാലെ ശബ്ദമുണ്ടാക്കി ആനകൾ ഓടിയെത്തുകയായിരുന്നു. മനോനില കൈവിടാതെ ഓട്ടോ വേഗത്തിൽ പോയതിനാൽ അപകടത്തിൽപെടാതെ രക്ഷപ്പെടുകയായിരുന്നുവെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു. വനം വകുപ്പ് ലക്ഷങ്ങൾ മുടക്കി പാതയോരത്തായി സ്ഥാപിച്ചിട്ടുള്ള സൗരോർജ വേലി യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പ്രവർത്തനക്ഷമമല്ലാതായിട്ട് മാസങ്ങൾ ഏറെയായി.
ഇത് മറികടന്നാണ് ദിനേന കാട്ടുമൃഗങ്ങൾ ജനവാസമേഖലയിലേക്കെത്തുന്നത്. അടിയന്തരമായി സൗരോർജവേലി പ്രവർത്തനസജ്ജമാക്കി ആദിവാസികൾ അടക്കമുള്ള പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.