ആയൂരിലെ കൈയേറ്റം ഒഴിപ്പിക്കൽ ആരംഭിച്ചു
text_fieldsഅഞ്ചൽ: ആയൂർ ജങ്ഷന്‍റെ വിവിധ ഭാഗങ്ങളിലെ പുറമ്പോക്ക് ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിന് നടപടിയാരംഭിച്ചു. കശുവണ്ടി ഫാക്ടറിക്ക് സമീപത്തെ പത്ത് സെന്‍റോളം വരുന്ന റോഡ് പുറമ്പോക്ക്, ആയൂർ പെട്രോൾ പമ്പിന് സമീപത്തെ 38 സെൻറ് സ്ഥലം ഉൾപ്പെടെയുള്ള കൈയേറ്റങ്ങളാണ് റീസർവേ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കശുവണ്ടി ഫാക്ടറിക്ക് സമീപത്തെ റോഡ് പുറമ്പോക്കിൽ മോട്ടോർ വർക്ക് ഷോപ്പും കടയും പ്രവർത്തിക്കുകയാണ്.
പെട്രോൾ പമ്പിന് സമീപത്തെ 38 സെൻറ് സ്ഥലം വർഷങ്ങൾക്ക് മുമ്പ് ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് വേണ്ടി പൊന്നും വിലക്ക് വാങ്ങി 17 ലക്ഷം രൂപ ആദ്യ ഗഡുവായി ഉടമകൾക്ക് നൽകിയതാണ്. എന്നാൽ, പദ്ധതിക്ക് തടസ്സം വന്നതോടെ ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യൂ കമീഷണറുടെ വിവേചനാധികാരമുപയോഗിച്ച് ഭൂമി ഉടമകൾക്ക് തിരികെ നൽകുകയാണുണ്ടായത്. ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് നൽകിയ കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്. നിലവിൽ ആ സ്ഥലത്ത് റബ്ബർ കൃഷി ചെയ്ത നിലയിലാണ്.
രണ്ടു വർഷം മുമ്പ് ആയൂർ ടൗൺ വികസനസമിതിയുടെ നേതൃത്വത്തിൽ പുനലൂർ താലൂക്കോ ഫീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനധികൃത കൈയേറ്റങ്ങളുടെ പട്ടിക തയാറാക്കി ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്. കെ.എസ്.ടി.പിയുടെ നിയന്ത്രണത്തിലുള്ള റോഡ് പുറമ്പോക്ക് മിക്ക സ്ഥലങ്ങളിലും അനധികൃതമായി കൈയേറിയ നിലയിലാണ്.
പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ കെട്ടിടങ്ങളും നിർമിച്ചിട്ടുണ്ട്. അനധികൃത കൈയേറ്റക്കാർക്ക് നോട്ടീസ് നൽകുമെന്നും കൈയേറ്റ ഭൂമിയിലെ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ളവ പൊളിച്ചു മാറ്റാനുള്ള നടപടികൾ അതിവേഗം നടത്തുമെന്നും താലൂക്ക് സീനിയർ സർവേയർ സതീഷ് കുമാർ പറഞ്ഞു.
ഗ്രാമപഞ്ചായത്തംഗം വിളയിൽ കുഞ്ഞുമോൻ, വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളായ ഷുക്കൂർ തോട്ടിൻകര, പ്രസാദ് കോടിയാട്ട്, പൊതുപ്രവർത്തകരായ എൻ.ആർ. ഗോപൻ, ആയൂർ മുരളി, സോണി മാത്യു എന്നിവരുടെ സാന്നിധ്യത്തിലാണ് സർവേ നടപടി നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.