ബലിതര്‍പ്പണം: നഗരത്തിൽ ഗതാഗതനിയന്ത്രണം
text_fieldsകൊല്ലം: തിരുമുല്ലവാരം കര്‍ക്കടക വാവ് ബലിതര്‍പ്പണത്തോടനുബന്ധിച്ച് കൊല്ലം ടൗണിലും പരിസരപ്രദേശങ്ങളിലും ആഗസ്റ്റ് രണ്ടിന് ആരംഭിച്ച് ബലിതര്‍പ്പണം അവസാനിക്കുന്നതുവരെ പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ബലിതര്‍പ്പണത്തിനായി തിരുമുല്ലവാരം ക്ഷേത്രത്തിലെത്തുന്നവർക്കായി പ്രൈവറ്റ്, കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസുകള്‍ കൊല്ലം കലക്ടറേറ്റ്-കാങ്കത്തുമുക്ക്- വെള്ളയിട്ടമ്പലം വഴി സർവിസ് നടത്തണം.
ചിന്നക്കടയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ കാങ്കത്ത്മുക്കില് സണ്‍ ബേ ഓഡിറ്റോറിയം മുതല്‍ നെല്ലിമുക്ക് ഭാഗം വരെ നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണം. ചവറ ഭാഗത്തു നിന്ന് കൊല്ലത്തേക്ക് വരുന്ന വാഹനങ്ങള്‍ മുളങ്കാടകം ക്ഷേത്രകവാടത്തിന് വടക്ക് ഭാഗം മുതല്‍ മുളങ്കാടകം സ്കൂളിന്റെ ഭാഗത്തേക്കും നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണം. ഈ റോഡില്‍ പാര്‍ക്കിങ് അനുവദിക്കില്ല.
തെക്കേ കച്ചേരി മുണ്ടാലുംമൂട് വെള്ളയിട്ടമ്പലം റൂട്ടില്‍ ഭക്തജനങ്ങളുമായി വരുന്ന ഇരുചക്രവാഹനം, ഓട്ടോ, മറ്റ് സ്വകാര്യവാഹനങ്ങള്‍ തെക്കേ കച്ചേരി, വെള്ളയിട്ടമ്പലം ജങ്ഷനുകളില്‍ ആളിറക്കിയ ശേഷം പൊലീസിന്റെ നിർദേശപ്രകാരം സെന്റ് അലോഷ്യസ്, ഇന്‍ഫന്റ് ജീസസ്, ട്രിനിറ്റി ലൈസിയം, കൊല്ലം ബോയ്സ്, കൊല്ലം ഗേള്‍സ്, ടൗണ്‍ യു.പി.എസ്, മുളങ്കാടകം സ്കൂള്‍ ഗ്രൗണ്ടുകളിലും മുളങ്കാടകം ക്ഷേത്ര ഗ്രൗണ്ട്, തങ്കശ്ശേരി ബസ് ബേ എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യണം. ആളുകൾ തിരികെ പാര്‍ക്കിങ് സ്ഥലത്ത് എത്തിച്ചേര്‍ന്ന് വാഹനത്തില്‍ കയറി പോകണം. ഒരുകാരണവശാലും ഇരുചക്രവാഹനങ്ങളെ മുണ്ടാലുംമൂട്-തിരുമുല്ലവാരം ഭാഗത്തേക്കും നിയന്ത്രണങ്ങള്‍ പാലിക്കേണ്ട റോഡുകളിലേക്കും പ്രവേശിപ്പിക്കില്ല. ദേശീയപാതയുടെയും മറ്റ് പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ല.
തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങളും ചെറിയ വാഹനങ്ങളും മേവറത്ത് നിന്നും തിരിഞ്ഞ് ബൈപാസ് വഴി പോകണം. ആലപ്പുഴ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കാവനാട് ബൈപാസ് വഴിയും പോകണം. തിരുമുല്ലവാരം പ്രദേശവാസികള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം വാഹനങ്ങള്‍ ഉപയോഗിക്കേണ്ടതും ആവശ്യമാകുന്നപക്ഷം പാര്‍ശ്വറോഡുകള്‍ ഉപയോഗിക്കേണ്ടതുമാണ്.
ഇക്കൊല്ലത്തെ ബലിതര്‍പ്പണത്തിന് എത്തുന്നവരും അന്നദാനം നടത്തുന്ന സന്നദ്ധസംഘടനകളും പൂര്‍ണമായും ഗ്രീന്‍ പ്രോട്ടകോള്‍ പാലിക്കണമെന്നും പൊലീസ് ഏര്‍പ്പെടുത്തുന്ന ഗതാഗതക്രമീകരണങ്ങളും നിര്‍ദേശങ്ങളും പാലിക്കണമെന്നും സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.