ട്രോളിങ് നിരോധനം നാളെ അവസാനിക്കും; പ്രതീക്ഷയോടെ മത്സ്യമേഖല
text_fieldsകൊല്ലം: സംസ്ഥാനത്ത് മൺസൂൺകാല ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധരാത്രി അവസാനിക്കും. 52 ദിവസത്തെ ഇടവേളക്കുശേഷം ബോട്ടുകൾ കടലിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ്.
പഴയ വലകൾ കേടുപാടുകൾ തീർത്ത് ഉപയോഗ സജ്ജമാക്കുന്നതിന്റെയും പുതിയ വലകൾ മത്സ്യബന്ധനത്തിനായി തയാറാക്കുന്നതിന്റെയും തിരക്കിലായിരുന്നു തൊഴിലാളികൾ. ബോട്ടുകളുടെ അറ്റകുറ്റപ്പണി ദിവസങ്ങൾക്ക് മുമ്പുതന്നെ പൂർത്തിയാക്കിയിരുന്നു.
ജൂൺ ഒമ്പതിന് അർധരാത്രി മുതലാണ് ട്രോളിങ് നിരോധനം നിലവിൽവന്നത്. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തില്ലെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു. മുഴുവൻ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ സജ്ജമാക്കിയിരുന്നു.
ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാന്റിങ് സെന്ററുകളിലും അടച്ചിട്ടിരുന്ന ഡീസൽ ബങ്കുകൾ നാളെ അർധരാത്രിമുതൽ തുറക്കും. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ അതത് ജില്ലകളിലെ മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി ട്രോളിങ് നിരോധന കാലയളവിൽ പ്രവർത്തിച്ചു. മറൈൻ എൻഫോഴ്സ്മെന്റ്, തീരദേശ പൊലീസ്, നാവികസേന, തീരസംരക്ഷണ സേന എന്നിവയുടെ നിരീക്ഷണം ട്രോളിങ് നിരോധനം ആരംഭിച്ചതോടെ ശക്തമാക്കിയിരുന്നു.
ജൂൺ, ജൂലൈ മാസങ്ങൾ മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ ഈ കാലയളവിലെ മീൻപിടിത്തം മത്സ്യസമ്പത്തിന് ഭീഷണിയാവുമെന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ട്രോളിങ് നിരോധനം എല്ലാ വർഷവും ഏർപ്പെടുത്തുന്നത്.
അതേസമയം ട്രോളിങ് നിരോധന കാലയളവിൽ വിദേശകപ്പലുകൾ നടത്തുന്ന ട്രോളിങ് തടയാനാവുന്നില്ല. ട്രോളിങ് നിരോധന വിഷയത്തിൽ കാര്യക്ഷമമായ പഠനം അനിവാര്യമാണെന്നും നിലവിലെ രീതിയിൽ മാറ്റം വരുത്തണമെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.